vasavan

മുണ്ഡനം ചെയ്ത തലയുമായി മഹിളാ കോൺഗ്രസ് മുൻ അദ്ധ്യക്ഷ ലതിക സുഭാഷ് ഓട്ടോറിക്ഷാ ചിഹ്നത്തിൽ മത്സരിക്കാനിറങ്ങിയത് ഏറ്റുമാനൂർ മണ്ഡലത്തെ ചതുഷ്കോണ മത്സരത്തിലേക്കെത്തിച്ചു. 1987ലെ തിരഞ്ഞെടുപ്പ് മത്സരത്തെ ഇത് ഓർമ്മിപ്പിക്കുന്നുവെന്നാണ് സംസാരം.അന്ന് ഉദയസൂര്യൻ ചിഹ്നത്തിൽ സ്വതന്ത്രനായി മത്സരിച്ച് ഏറ്റുമാനൂരിൽ വിജയിച്ച കോൺഗ്രസ് നേതാവ് ജോർജ് ജോസഫ് പൊടിപ്പാറയുടെ അനുഭവം പ്രചാരണപരിപാടികൾക്കിടെ ലതിക സുഭാഷ് പറയുന്നു. അന്നത്തെ എതിരാളി കെ.ടി. മത്തായി കേരള കോൺഗ്രസ്-ജോസഫ് ഗ്രൂപ്പുകാരൻ. ഇന്ന് യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി ജോസഫ് ഗ്രൂപ്പിലെ തന്നെ പ്രിൻസ് ലൂക്കോസ് ആയത് യാദൃശ്ചികമാകാം.

പൊടിപ്പാറയെ വിജയിപ്പിച്ച 87ലെ രാഷ്ട്രീയകാലാവസ്ഥയല്ല ഇന്ന്. വിജയിച്ചില്ലെങ്കിലും ലതിക പിടിക്കുന്ന വോട്ടുകൾ മണ്ഡലത്തിലെ ജയപരാജയങ്ങളെ സ്വാധീനിച്ചേക്കും. പ്രബല മുന്നണികളുടെ പ്രചാരണ മേൽക്കോയ്മയിൽ ലതികയുടെ ശബ്ദം ശക്തമാകുന്നില്ലെന്നത് പരിമിതിയാണ്. അദൃശ്യമായ സഹതാപ അടിയൊഴുക്കുകൾ സംഭവിച്ചു കൂടായ്കയില്ല. അത് വലിയ കുത്തൊഴുക്കായാൽ ജയത്തിലേക്കെത്താം. അത്രത്തോളം പോകണോയെന്ന് ചോദിക്കുന്നത് പ്രത്യക്ഷത്തിലുള്ള മണ്ഡലത്തിലെ രാഷ്ട്രീയക്കണക്കുകളാണ്!

തദ്ദേശതിരഞ്ഞെടുപ്പ് പിന്നിട്ടപ്പോൾ ഏറ്റുമാനൂരിന്റെ രാഷ്ട്രീയകാലാവസ്ഥയിൽ ഇടതുമേൽക്കോയ്മയാണ്. ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലും ആർപ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിലുമേ യു.ഡി.എഫ് ഭരണമുള്ളൂ. അയ്മനം, കുമരകം, തിരുവാർപ്പ് പഞ്ചായത്തുകൾ ഇടതുകോട്ടകൾ. കേരള കോൺഗ്രസ് പിൻബലത്തിൽ യു.ഡി.എഫ് പക്ഷത്തായിരുന്ന നീണ്ടൂർ, മാണിഗ്രൂപ്പിന്റെ ചേരിമാറ്റത്തോടെ ഇക്കുറി ഇടതുപക്ഷം പിടിച്ചു. പത്ത് വർഷം കെ. സുരേഷ് കുറുപ്പ് മണ്ഡലത്തിൽ ഉണ്ടാക്കിയെടുത്ത സ്വാധീനവും ഇടതിന് തുണയാകുമെന്ന് ഇത്തവണത്തെ സി.പി.എം സ്ഥാനാർത്ഥി വി.എൻ. വാസവൻ പ്രതീക്ഷിക്കുന്നു.ആർപ്പൂക്കര പഞ്ചായത്തിലെ പനമ്പാലത്തിനടുത്ത് ചാത്തുണ്ണിപ്പാറ കോളനിയിലാണ് വാസവനെ കണ്ടുമുട്ടിയത്. ഇടതുമുന്നണിയുടെ രാഷ്ട്രീയനിലപാടും സർക്കാരിന്റെ സമാനതകളില്ലാത്ത വികസന, ക്ഷേമ പ്രവർത്തനങ്ങളും മാണിഗ്രൂപ്പിന്റെയും എൽ.ജെ.ഡിയുടെയും വരവുണ്ടാക്കിയ ശക്തിയുമെല്ലാം നൂറുശതമാനം വിജയമുറപ്പാക്കുന്നുവെന്ന് വാസവൻ പറഞ്ഞു. ലതിക സുഭാഷിന്റെ സ്ഥാനാർത്ഥിത്വം ഇടതിന് ഗുണമാകുമോയെന്ന് ചോദിച്ചു: "മറ്റുള്ളവരെ കുറ്റം പറഞ്ഞല്ല, ഞങ്ങൾ സ്വന്തം മേന്മ പറഞ്ഞാണ് വോട്ട് തേടുന്നത്. ലതികയുടെ വരവ് ഗുണം ചെയ്താലും ഇല്ലെങ്കിലും ഇടത് അടിത്തറ ഭദ്രമാണ്"- വാസവൻ പറഞ്ഞു.അതിരമ്പുഴയ്ക്കടുത്തെ ആനമലയിൽ പര്യടനത്തിന് തുടക്കം കുറിക്കവേ യു.ഡി.എഫ് എതിരാളി പ്രിൻസ് ലൂക്കോസിനെ കണ്ടു. ലതിക സുഭാഷിന്റെ സ്ഥാനാർത്ഥിത്വത്തെപ്പറ്റി അദ്ദേഹം നിലപാട് വ്യക്തമാക്കി: " യു.ഡി.എഫിൽ നിന്ന് ആര് പുറത്തുപോയാലും പ്രവർത്തകർ അംഗീകരിക്കില്ല. പ്രസ്ഥാനത്തെ വെല്ലുവിളിക്കുന്നവർ ഒറ്റപ്പെടും. അവരുടെ വരവ് എൽ.ഡി.എഫിനെ സഹായിക്കാനാണ്. അത് തിരിച്ചറിയുന്ന ജനം യു.ഡി.എഫിനൊപ്പം നിൽക്കും." കേരള കോൺഗ്രസിലെ പ്രദേശത്തെ ജനകീയമുഖമായ പ്രിൻസിനെ പ്രവർത്തകർ വരവേറ്റു. തികഞ്ഞ വിജയപ്രതീക്ഷ പങ്കുവച്ച പ്രിൻസിന്റെ ആരോപണം മണ്ഡലത്തിൽ പത്ത് വർഷമായി വികസനമില്ലെന്നാണ്.എൻ.ഡി.എയിൽ നിന്ന് കഴിഞ്ഞതവണ മത്സരിച്ചത് ബി.ഡി.ജെ.എസിലെ എ.ജി. തങ്കപ്പനാണ്. സ്വീകാര്യമുഖമായ അദ്ദേഹത്തിന്റെ വ്യക്തിഗത മികവിൽ കൂടിയാകണം ഇരുപത്തേഴായിരത്തിൽപ്പരം വോട്ടുകൾ അവർ പിടിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയിൽ പി.സി. തോമസിനും കിട്ടി ഇവിടെ ഇരുപതിനായിരത്തിലധികം വോട്ടുകൾ. ഇത്തവണ ബി.ഡി.ജെ.എസിന് ആദ്യമനുവദിച്ച സീറ്റ് തിരിച്ചെടുത്ത് ബി.ജെ.പി മത്സരിപ്പിക്കുന്നത് ടി.എൻ. ഹരികുമാറിനെ. സ്ഥാനാർത്ഥിത്വം സൃഷ്ടിച്ച അനിശ്ചിതത്വത്തിനൊടുവിൽ ഏറെ വൈകിയെത്തിയതിന്റെ പ്രായോഗികപരിമിതികൾ ബി.ജെ.പിക്കുണ്ട്. ബി.ഡി.ജെ.എസിന്റെ അസ്വസ്ഥത അലട്ടുമോയെന്ന സംശയവുമുണ്ട്. എന്നാലും തികഞ്ഞ വിജയപ്രതീക്ഷ, ഏറ്റുമാനൂർ അമ്പലപരിസരത്ത് കണ്ടപ്പോൾ ഹരികുമാർ പങ്കുവച്ചു. കേന്ദ്രസർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിച്ച പതിനായിരങ്ങളിലാണ് പ്രതീക്ഷയെന്നാണ് അദ്ദേഹം പറയുന്നത്.

അപമാനിക്കപ്പെട്ട സ്ത്രീത്വത്തിനായുള്ള പോരാട്ടമാണ് തന്റെ മത്സരസന്ദേശമെന്ന് തിരുവാർപ്പ് ഇല്ലിക്കൽ കൊച്ചുപാലത്തെ ചെറിയൊരു തുരുത്തിൽ കണ്ടുമുട്ടിയപ്പോൾ ലതിക സുഭാഷ് പറഞ്ഞു. "എനിക്ക് വിജയിക്കണം. കേരളത്തിലെ സ്ത്രീകൾ അപമാനിക്കപ്പെടേണ്ടവരല്ലെന്ന് തെളിയിക്കണം. പാർട്ടികമ്മിറ്റികളിൽ വനിതാപ്രാതിനിദ്ധ്യത്തിനായി തർക്കിക്കുന്ന ഞാൻ പലരുടെയും കണ്ണിലെ കരടായിരുന്നു. ആ കരടിനെയവർ പുറത്തുകളഞ്ഞു"- ലതിക പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും സാമൂഹ്യപ്രവർത്തകയായുമെല്ലാം സ്വാർത്ഥതയില്ലാതെ മൂന്ന് പതിറ്റാണ്ടിലേറെയായി ഇവിടത്തുകാരുടെ വിഷയങ്ങളിലിടപെടുന്നയാളെന്ന ആത്മവിശ്വാസത്തോടെയാണ് ലതികയുടെ പ്രചാരണം.

ലതികയുടെ പ്രചാരണയോഗങ്ങളിൽ സ്ത്രീകളുടെ വികാരപ്രകടനങ്ങൾ സൂചനയാണെന്ന് പറയുന്നവരുണ്ട്. ബി.ഡി.ജെ.എസിന്റെ സജീവസാന്നിദ്ധ്യം ഇക്കുറിയില്ലാത്തത് ഇടതിന് തുണയായേക്കാം. മാണിഗ്രൂപ്പിന്റെ ചെറുതല്ലാത്ത സ്വാധീനവുമവർക്കാണ് ഗുണമാവുക. ഈഴവ, ക്രിസ്ത്യൻ സ്വാധീനമേറെയുള്ള മണ്ഡലത്തിൽ ലതികയ്ക്കനുകൂലമായ അടിയൊഴുക്കുകളെ കൂടി തടഞ്ഞ് മുന്നേറണം യു.ഡി.എഫിന്. ബി.ജെ.പി പിടിക്കുന്ന വോട്ടുകളും നിർണായകം.

കണക്കുകൾ: 2016: എൽ.ഡി.എഫ് 53085, യു.ഡി.എഫ് 44906, ബി.ഡി.ജെ.എസ് 27540- ഇടത് ലീഡ് 8899

2011: എൽ.ഡി.എഫ് 57381, യു.ഡി.എഫ് 55580 ബി.ജെ.പി 3385- ഇടത് ലീഡ് 1801

2019 ലോക്‌സഭ: യു.ഡി.എഫ് 55356, എൽ.ഡി.എഫ് 46911, എൻ.ഡി.എ 20112- യു.ഡി.എഫ് ലീഡ് 8445