kaalppadukal

കല്ലമ്പലം: പുലിയുടേതിന് സമാനമായ കാല്പാടുകൾ കണ്ടെത്തിയതോടെ നാവായിക്കുളത്തെ ജനങ്ങൾ വീണ്ടും ഭയപ്പാടിൽ. ഇന്നലെ രാവിലെ നാവായിക്കുളം ഡീസന്റ്മുക്ക് റിയാന കോട്ടേജിൽ റംസിയുടെ വീട്ടുമുറ്റത്താണ് കാല്പാടുകൾ കണ്ടെത്തിയത്. റംസിയുടെ ഭാര്യ ഷെബിന മുറ്റമടിക്കാനായി രാവിലെ പുറത്തിറങ്ങിയപ്പോഴാണ് കാല്പാടുകൾ കണ്ടത്. ഉടൻ തന്നെ ഭർത്താവ് വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. രാത്രിയിൽ നായ്‌ക്കൾ കൂട്ടമായി ഓരിയിടുകയും ബഹളം വയ്‌ക്കുകയും ചെയ്‌തെങ്കിലും ഭയന്ന് പുറത്തിറങ്ങിയില്ലെന്ന് ഇവർ പറഞ്ഞു. വനംവകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടർന്ന് പാലോട് റേഞ്ചിൽ നിന്നും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ജി. അജയകുമാറിന്റെ നിർദ്ദേശാനുസരണം ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അനി ചന്ദ്രൻ, അരുൺ, വാച്ചർമാരായ വിക്രമൻ, അഖിൽ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇത് പുലിയുടെ കാല്പാടുകൾ അല്ലെന്നും നായ്‌ പുലി ആകാമെന്നും കെ.ജി. അജയകുമാർ പറഞ്ഞു. വരും ദിവസങ്ങളിൽ സമാനമായ കാല്പാടുകളോ അന്യജീവിയെയോ കണ്ടെത്തിയാൽ കാമറ സ്ഥാപിച്ച് നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.