photo

നെടുമങ്ങാട്:വോട്ടർമാരുടെയും പാർട്ടി പ്രവർത്തകരുടെയും സ്‌നേഹാദരങ്ങൾ ഏറ്റുവാങ്ങി പ്രമുഖ മുന്നണി സ്ഥാനാർത്ഥികളുടെ സ്വീകരണപര്യടനം അവസാന ലാപ്പിലേക്ക്. പര്യടനത്തിന്റെ പാതിയും പിന്നിട്ടതോടെ സ്ഥാനാർത്ഥികൾ എല്ലാവരും ആത്മവിശ്വാസത്തിലാണ്. വാമനപുരത്തും അരുവിക്കരയിലും സിറ്റിംഗ് എം.എൽ.എമാരായ അഡ്വ.ഡി.കെ.മുരളിയും കെ.എസ്. ശബരിനാഥനും വോട്ടർമാരുമായുള്ള പരിചയം പുതുക്കുന്നതിലാണ് ശ്രദ്ധ കൊടുക്കുന്നത്.പേര് ചൊല്ലി വിളിച്ചും കുടുംബാംഗങ്ങളുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞും സൗഹൃദം ഊട്ടിയുറപ്പിക്കുകയാണ് ഇരുവരും. വാമനപുരത്തെയും നെടുമങ്ങാട്ടെയും യു.ഡി.എഫ് സ്ഥാനാർത്ഥികളായ ആനാട് ജയനും പി.എസ്.പ്രശാന്തും അരുവിക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ജി.സ്റ്റീഫനും ആദ്യമായി നിയമസഭാ സ്ഥാനാർത്ഥിക്കുപ്പായം അണിയുന്നതിന്റെ ത്രില്ലിലാണ്. എതിർ ചേരിയിലുള്ള സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളുമടക്കം സ്വീകരണ കേന്ദ്രങ്ങളിൽ പിന്തുണയുമായി എത്തുന്നത് ഈ പുതുമുഖ സ്ഥാനാർത്ഥികളെ ആവേശ ഭരിതരാക്കുന്നുണ്ട്.വിദ്യാർത്ഥി - യുവജന സമരങ്ങളിലൂടെ വളർന്നുവന്ന നെടുമങ്ങാട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ജി.ആർ. അനിലിന്റെ സ്വീകരണവേദികളിലും രാഷ്ട്രീയത്തിനുപരിയായി സൗഹൃദവലയം പ്രകടമാവുന്നുണ്ട്. ടെലിവിഷൻ ചർച്ചകളിലൂടെ ചിരപരിചിതനായ ബി.ജെ.പി സ്ഥാനാർത്ഥി ജെ.ആർ. പദ്മകുമാറിനും മണ്ഡലത്തിലുടനീളം മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. അണ്ടൂർക്കോണം മേഖലയിലെ വോട്ടർമാരുടെയും പ്രവർത്തകരുടെയും സ്നേഹവും കരുതലും ഏറ്റുവാങ്ങുന്ന തിരക്കിലായിരുന്നു ഇന്നലെ ജി.ആർ. അനിൽ. കത്തിയെരിയുന്ന വേനലിൽ ആശ്വാസമായി കരിക്കിൻകുലയും വാഴപ്പഴവും ശീതള പാനീയങ്ങളുമായാണ് അനിലിനെ പ്രവർത്തകർ വരവേറ്റത്. സ്വീകരണ വേദിയിൽ അരിവാളും നെൽക്കതിരുമായി തൊഴിലാളി സ്ത്രീകളും എത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ. ആർ.ജയദേവനും കൺവീനർ പാട്ടത്തിൽ ഷെരീഫും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ചെറ്റച്ചൽ സഹദേവനും നേതൃത്വം നൽകി. ലാലു, ബിൻഷാ ബി.ഷറഫ്, കണ്ണൻ എസ്.ലാൽ, ലിജു, പാങ്ങോട് സിദ്ദീഖ്, എം ജലീൽ, എസ്.എച്ച് ഷാനവാസ്, വി.വിജയകുമാർ, എസ്.ഹരികുമാർ, എ.ഹാഷിം, ഉണ്ണികൃഷ്ണൻ നായർ, അഫ്സൽ, പി.കെ സാം തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു. ഇന്ന് കരകുളം മുക്കോല മേഖലയിലാണ് സ്വീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. രാവിലെ എട്ടുമണിക്ക് എട്ടാംകല്ലിൽ നിന്ന് പര്യടനം ആരംഭിക്കും. പി.എസ്. പ്രശാന്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം വെമ്പായം പഞ്ചായത്തിലെ തീപ്പുകൽ പള്ളിനടയിൽ മുൻ എം.എൽ.എ കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. കായ്പ്പാടി, ചാത്തമ്പാട്, കടുവാക്കുഴി, വേറ്റിനാട് തുടങ്ങിയ കേന്ദ്രങ്ങളിൽ കാതടപ്പിക്കുന്ന വെടിക്കെട്ടിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. വൈകിട്ട് കായ്പ്പാടി ജംഗ്ഷനിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രചാരണ യോഗത്തിലും വൻ ജനപങ്കാളിത്തമായിരുന്നു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കരകുളം കൃഷ്ണപിള്ള, പാലോട് രവി, വട്ടപ്പാറ ചന്ദ്രൻ, എസ്.അരുൺകുമാർ, കല്ലയം സുകു, തേക്കട അനിൽ തുടങ്ങിയവർ സ്വീകരണ യോഗങ്ങളിൽ പ്രസംഗിച്ചു. പ്രിയങ്കാ ഗാന്ധിയുടെ സന്ദർശനം പ്രമാണിച്ച് ഇന്നത്തെ പര്യടനം മാറ്റിവച്ചതായി ഇലക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ജെ.ആർ പദ്മകുമാർ ഇന്നലെ നഗരസഭയിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. ഒന്നാം വാർഡായ കല്ലുവരമ്പിൽ ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ്. കുമാർ ഉദ്ഘാടനം ചെയ്തു. പൂവത്തൂരിൽ വച്ച്, ബി.ജെ.പി സംസ്ഥാന സമിതി അംഗം പൂവത്തൂർ ജയനും ഭാര്യയും കൗൺസിലറുമായ താരാ ജയകുമാറും ചേർന്ന് ജെ.ആറിനെ പുഷ്പകിരീടവും ഹാരവും അണിയിച്ചു. ടവർ ജംഗ്‌ഷനിൽ വൃദ്ധമാതാവ് ആരതി ഉഴിഞ്ഞ് അനുഗ്രഹിച്ചത് വേറിട്ട കാഴ്ചയായി. ഇരുചക്ര വാഹനങ്ങളും വാദ്യമേളവും കൊഴുപ്പേകി. ചിറക്കാണി, ചെന്തുപ്പൂര്, എസ്. യു.ടി, വേങ്കോട്, കുഞ്ചം, പരിയാരം, മുക്കോല, കാരവളവ്, നമ്പരുകോണം, നഗരികുന്ന്, പഴകുറ്റി വഴി പര്യടനം കുറക്കോട് സമാപിച്ചു. ഉച്ചകഴിഞ്ഞ് വാണ്ടയിൽ നിന്ന് ആരംഭിച്ച പര്യടനം രാത്രി മന്നൂർകോണത്ത് സമാപിച്ചു. മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാർ, പുവത്തൂർ ജയൻ, നൂറനാട് ഷാജഹാൻ, കുറക്കോട് ബിനു, ഉദയകുമാർ, പുലിപ്പാറ മണികണ്ഠൻ, പരിയാരംസജു , അജികുമാർ എന്നിവർ നേതൃത്വം നൽകി. കെ.എസ്. ശബരിനാഥൻ വീരണകാവ് മേഖലയിലാണ് ഇന്നലെ വാഹന പര്യടനം നടത്തിയത്. കാട്ടാക്കട ഗുരുമന്ദിരത്തിന് മുന്നിൽ ആരംഭിച്ച പര്യടനം അമ്പതോളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. വൈകിട്ട് വെള്ളനാട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പൊതുയോഗത്തിലും പങ്കെടുത്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.സ്റ്റീഫന്റെ പര്യടനം ആര്യനാട് പഞ്ചായത്തിലെ കൊല്ലറയിൽ ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ കെ.എസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു.മേലേച്ചിറ, കാഞ്ഞിരമ്മൂട്,ചൂഴ, ഇരിഞ്ചൽ, പള്ളിവേട്ട, ചാമവിള, ചെറുമഞ്ചൽ, ശംഭുതാങ്ങി, ഇറവൂർ, ചേരപ്പള്ളി എന്നിവിടങ്ങളിൽ വർണാഭമായ സ്വീകരണമാണ് ലഭിച്ചത്. എൻ.ഡി.എ സ്ഥാനാർത്ഥി സി.ശിവൻകുട്ടി കുറ്റിച്ചൽ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി.

'അയൽപക്ക പോരിൽ' വാമനപുരം സാരഥികൾ

വാമനപുരത്തെ സ്ഥാനാർത്ഥികളായ അഡ്വ.ഡി.കെ. മുരളിയും ആനാട് ജയനും തഴവ സഹദേവനും ഇന്നലെ 'അയൽപക്ക പഞ്ചായത്തുകളിലായിരുന്നു" പര്യടനം. നന്ദിയോടു പഞ്ചായത്തിൽ ഡി.കെ. മുരളിയും തഴവ സഹദേവനും.തൊട്ടടുത്തുള്ള പെരിങ്ങമ്മലയിൽ ആനാട് ജയനും. ആദിവാസി, തോട്ടം, കർഷക മേഖലകളെ ഇളക്കി മറിച്ചുള്ള സ്വീകരണ യോഗങ്ങൾ വേനൽ മഴയെയും അവഗണിച്ച് രാത്രി പത്ത് വരെ നീണ്ടു. പ്രദേശവാസികളുടെ ഏറെക്കാലത്തെ മുറവിളിയായിരുന്ന ചെല്ലഞ്ചി പാലം, പൊന്മുടി ഇക്കോടൂറിസം വികസനം എന്നിവ യാഥാർത്ഥ്യമാക്കിയതിന്റെ ആത്മവിശ്വാസവുമായാണ് ഡി.കെ. മുരളി പര്യടനം നടത്തിയത്. ഊഷ്മളമായ സ്വീകരണമാണ് ഡി.കെയ്ക്ക് ലഭിച്ചത്. പാലോട് ആശുപത്രി ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച പര്യടനം ചടച്ചിക്കരിക്കകം,നാലുസെന്റ് കോളനി, ചോനൻവിള, കുടവനാട്, ആനക്കുഴി, നരിക്കല്ല്,കുറുന്താളി ലക്ഷംവീട്, പച്ചക്ഷേത്രം, പൗവ്വത്തൂർ, ആലുംകുഴി, കുറുപുഴ, വാഴപ്പാറ വഴി നന്ദിയോട് ജംഗ്‌ഷനിൽ റോഡ് ഷോയുടെ അകമ്പടിയിൽ സമാപിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, പി.എസ്. മധുസൂദനൻ, പേരയം ശശി, എ.എം. അൻസാരി, ജി.എസ്. ഷാബി, പി.എസ്. പ്രഭു തുടങ്ങിയവർ നേതൃത്വം നൽകി. ആനാട് ജയൻ പാലോട് ടൗണിൽ നിന്ന് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ബൈക്ക് റാലിയുടെ അകമ്പടിയിലാണ് പര്യടനം ആരംഭിച്ചത്.ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഇലവുപാലത്ത് കോൺഗ്രസ് പ്രവർത്തകർ വർണങ്ങൾ വാരി വിതറി ജയനെ തോളിലേറ്റി.വഴിയരികിലെ വീടുകളിൽ നേരിട്ടുചെന്ന് സൗഹൃദം സ്ഥാപിച്ചാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളും ജയൻ പിന്നിട്ടത്. പന്നിയോട്ടുകടവ്, പെരിങ്ങമ്മല മേഖലകളിൽ ആവേശകരമായ സ്വീകരണം ലഭിച്ചു.വൈകിട്ട് പനങ്ങോട് ജംഗ്‌ഷനിൽ സമാപിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഡി.രഘുനാഥൻ നായർ, ബി.പവിത്രകുമാർ, പാലോട് അൻസാരി, തെന്നൂർ ഷാജി, കൊച്ചുകരിക്കകം നൗഷാദ്, സുധീർഷാ, എം.ഷിറാസ്ഖാൻ, ആർ.പി കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. തഴവ സഹദേവന് നന്ദിയോട് കിടാരക്കുഴി, കുറുപുഴ, പാലുവള്ളി, ആനകുളം, പൗവ്വത്തൂർ, വെമ്പ്, പേരയം എന്നിവിടങ്ങളിൽ ആഘോഷപൂർവമായ സ്വീകരണം ലഭിച്ചു. ബി.ജെ.പി നേതാക്കളായ സതീശൻ, നന്ദിയോട് രാജേഷ്, ബിനു, ചന്ദ്രദാസ് തുടങ്ങിയവർ നേതൃത്വം നൽകി.