
തിരുവനന്തപുരം :വിധിയെഴുത്തിന് ഒരാഴ്ച ശേഷിക്കേ നാട് ഇളക്കി പ്രചാരണം നടത്തി വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. പ്രചാരണം അവസാനലാപ്പിലേക്ക് കടന്നതോടെ ആവേശം അണികളിൽ നിറയ്ക്കാൻ കൂടുതൽ ദേശീയ നേതാക്കളെ കളത്തിലിറക്കുകയാണ് യു.ഡി.എഫും എൻ.ഡി.എയും ജില്ലയിൽ. ഇഞ്ചോടിച്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് റോഡ് ഷോയും പൊതുപരിപാടികളും സംഘടിപ്പിക്കും. എന്നാൽ എൽ.ഡി.എഫ് ഈ ഘട്ടത്തിൽ വീടുവീടാന്തരമുള്ള പ്രചാരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദേശീയ നേതാക്കളുടെ പൊതുപരിപാടികൾ ഇതിനോടകം പൂർത്തീകരിച്ച എൽ.ഡി.എഫ് പരമാവധി വോട്ടർമാരെ നേരിൽ കാണുകയെന്ന തന്ത്രമാണ് പ്രചാരണത്തിന്റെ അവസാന നാളുകളിൽ പരീക്ഷിക്കുന്നത്. യു.ഡി.എഫും എൻ.ഡി.എയും താരപ്രചാരകരിലൂടെ വോട്ടുറപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് തലസ്ഥാനത്ത് എത്തും. വൈകിട്ട് 3.35ന് നെടുമങ്ങാട്, വാമനപുരം,ആറ്റിങ്ങൽ,വർക്കല മണ്ഡലങ്ങളുടെ പ്രചാരണാർത്ഥം വെഞ്ഞാറമൂട്ടിലാണ് പ്രിങ്ക എത്തുന്നത്.4.40തോടെ അരുവിക്കര,കാട്ടാക്കട,പാറശാല മണ്ഡലങ്ങൾക്കായി കാട്ടാക്കടയിൽ സംസാരിക്കും.വൈകിട്ട് 5.20ന് പൂജപ്പുരയിൽ നിന്നും റോഡ് ഷോ ആരംഭിക്കും.കരമന,കിള്ളിപ്പാലം, പൂന്തുറ വഴി വലിയതുറയിലെത്തും. 6.30ന് വലിയതുറയിലെ പരിപാടിയിലും പങ്കെടുക്കും. ബുധനാഴ്ച കഴിഞ്ഞ് രാഹുൽ ഗാന്ധിയും തലസ്ഥാനത്ത് എത്തുന്നുണ്ട്. ഇതുകൂടാതെ വിവിധ ദേശീയ നേതാക്കളും തലസ്ഥാനത്ത് എത്തും.കഴിഞ്ഞ ദിവസം വന്നുപോയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ നാളെ വീണ്ടുമെത്തും.രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം തലസ്ഥാനത്ത് തങ്ങും.വ്യാഴാഴ്ച രാവിലെ ഹെലികോപ്റ്ററിൽ ആറ്റിങ്ങൽ മണ്ഡലത്തിലെത്തും. അവിടെ സ്ഥാനാർത്ഥി പി.സുധീറിനൊപ്പം റോഡ് ഷോയിലാണ് നദ്ദ പങ്കെടുക്കുന്നത്. രാവിലെ 10.15ന് ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തലസ്ഥാനത്ത് എത്തും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ജില്ലാഘടകം.ഇതുകൂടാതെ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും വിവിധ നേതാക്കൾ ദിവസങ്ങളായി തലസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. എൽ.ഡി.എഫ് നേതാക്കളായ സീതാറാം യെച്ചൂരി,വൃന്ദകാരാട്ട്, ആനിരാജ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ വന്നു മടങ്ങിയിരുന്നു.അവസാനവോട്ടും പെട്ടിയിലാക്കാൻ മുന്നണികൾ അവസാന അടവും പ്രയോഗിക്കുന്ന വരും ദിവസങ്ങളിൽ പ്രചാരണത്തിൽ ആവേശത്തീ പാറുമെന്നതിൽ സംശയമില്ല.