d

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് സമാപനം കുറിച്ച് ഭക്തിനിർഭരമായ ചടങ്ങുകളോടെ ശംഖുംമുഖം കടപ്പുറത്ത് ആറാട്ട് നടന്നു. വൈകിട്ട് അഞ്ചോടെ പടിഞ്ഞാറേനടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്ര വിമാനത്താവളത്തിലൂടെ ശംഖുംമുഖത്തെത്തി. രാത്രി 7.45വരെ ചടങ്ങുകൾ നടന്നു. ഭക്തർ വഴിയരികിൽ നിന്ന് വിഗ്രഹങ്ങളെ വണങ്ങി. സ്വർണനിർമ്മിതമായ ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയെയും വെള്ളിവാഹനങ്ങളിൽ നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്‌ണസ്വാമി എന്നീ വിഗ്രഹങ്ങളെയും എത്തിച്ചു. തുടർന്ന് വിഗ്രഹങ്ങൾ കടലിൽ ആറാടി. പദ്മനാഭസ്വാമിയോടൊപ്പം കൂടിയാറാട്ടിനായി കൊണ്ടുവന്ന തൃപ്പാദപുരം മഹാദേവക്ഷേത്രം, ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രം, ഇരവിപേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ശ്രീവരാഹം ലക്ഷ്മീവരാഹമൂർത്തി ക്ഷേത്രം എന്നിവിടങ്ങളിലെ വിഗ്രഹങ്ങളും സമീപത്തെ കടവുകളിൽ ആറാടി. ഇന്ന് രാവിലെ 9.30ന് ക്ഷേത്രത്തിൽ ആറാട്ട് കലശം നടക്കും. പള്ളിവാളേന്തി രാജകുടുംബം സ്ഥാനി മൂലം തിരുനാൾ രാമവർമയും രാജപ്രതിനിധികളും അകമ്പടിയായി നടന്നു. 24 പോറ്റിമാരാണ് മൂന്ന് വാഹനങ്ങൾ ചുമന്നത്. ശംഖുംമുഖത്തെത്തിയശേഷം തീരത്ത് പ്രത്യേകം തയ്യാറാക്കിയ മണൽത്തിട്ടയിൽ വെള്ളിത്താലങ്ങളിലേക്ക് വിഗ്രഹങ്ങൾ മാറ്റി. ക്ഷേത്രം തന്ത്രി തരണനല്ലൂർ സജി നമ്പൂതിരിപ്പാടിന്റെയും പെരിയനമ്പി എടപ്പാടി രാധാകൃഷ്ണൻ രവിപ്രസാദ്, പഞ്ചഗവ്യത്തുനമ്പി മാക്കരംകോട് വിഷ്ണുപ്രകാശ് എന്നിവരുടെയും നേതൃത്വത്തിൽ പൂജകൾക്ക് ശേഷമാണ് വിഗ്രഹങ്ങളെ സമുദ്രത്തിൽ ആറാടിച്ചത്. രാത്രിയോടെ വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. തന്ത്രിയുടെ നേതൃത്വത്തിൽ ശ്രീബലിയും കൊടിയിറക്കും നടന്നു. ഭരണസമിതി ചെയർമാൻ ജില്ലാ ജഡ്ജി ബിജു കെ. മേനോൻ, ആദിത്യവർമ, എക്‌സിക്യുട്ടീവ് ഓഫീസർ ഇൻ ചാർജ് ബി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.