
തിരുവനന്തപുരം: ബൂത്തിലെത്താനാകാത്തവർക്കു വേണ്ടി വീടുകളിലെത്തി ബാലറ്റിൽ വോട്ടു രേഖപ്പെടുത്തുന്നത് വോട്ടിംഗിന്റെ രഹസ്യാത്മകത ലംഘിക്കുന്നുവെന്ന പരാതിയുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ചീഫ് ഇലക്ടറൽ ഓഫീസറെ സമീപിച്ചു. ഉദ്യോഗസ്ഥന്മാർ സ്ഥാനാർത്ഥികളുടെ ഏജന്റുമാരെ വിവരമറിയിച്ച് അവരുടെ കൂടി സാന്നിധ്യത്തിൽ വേണം വോട്ടർമാരെ കൊണ്ട് വോട്ടു ചെയ്യിച്ച് ബാലറ്റുകൾ ശേഖരിക്കാൻ.
ഇതിനായി പോകുന്ന ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകൾ പൂർണമായും പാലിക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. അതിൽ ഒട്ടു മിക്കവരും സി.പി.എംകാരാണ്. ഇവരോടൊപ്പം സി.പി.എമ്മിന്റെ ഒന്നിൽ കൂടുതൽ പ്രതിനിധികളും വോട്ടർമാരുടെ വീടുകളിലെത്തുന്നു. മറ്റു പാർട്ടികളുടെ ഏജന്റുമാരെ അറിയിക്കാറുമില്ല. ഇത് മാനദണ്ഡങ്ങളുടെ കടുത്ത ലംഘനമാണെന്നും പരാതിയിൽ പറയുന്നു.