
കോയമ്പത്തൂർ: നമ്മളുക്ക് വീട് വേണമാ മതം മുഖ്യമാ അമ്മാ?
''വീട്''
നമ്മ കുഴന്തകൾക്ക് വേല വേണമാ മതം മുഖ്യമാ?
''വേലൈ''
നമ്മ പെൺകുഴന്തൈകൾ സ്വന്തം കാലിൽ നിൽക്കണമാ മതം വേണമാ
''സ്വന്തം കാലിലെ നിക്കണം''
ചോദിക്കുന്നത് കോയമ്പത്തൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി വനതി ശ്രീനിവാസൻ. ഉത്തരം പറയുന്നത് ജനക്കൂട്ടം.
ഇതിനെല്ലാം ഇവിടെ ബി.ജെ.പിക്ക് എം.എൽ.എ വേണം. ഞാൻ ഉങ്കൾ വീട്ട് പൊണ്ണ്... കോയമ്പത്തൂരിന്റെ കേന്ദ്രസഹായം ഞാൻ പോയി വാങ്ങണ്ടേ? ... ''വേണം''
''ഞാൻ ഇന്ത കോയമ്പത്തൂർ കാരി പൊണ്ണ്... ഇന്ത ഊരിൽ പിറന്ത് വളർന്ത് പഠിച്ചേൻ...''
കത്തിക്കയറുകയാണ് ബി.ജെ.പി മഹിളാ മോർച്ച ദേശീയ പ്രസിഡന്റായ വനതി.
കോയമ്പത്തൂരിൽ കമലഹാസന്റെ വിജയ സ്വപ്നത്തിന് വെല്ലുവിളി ഈ തീപ്പൊരിയാണ്.
മുസ്ലിം മേഖലയായ കോട്ടമേട് തെരുവ്. വാഹനത്തിൽ കയറി വനതിയുടെ പ്രസംഗം...നിങ്ങൾക്ക് ന്യൂനപക്ഷങ്ങൾ വോട്ടു ചെയ്യുമോ ചിലർ ചോദിച്ചു. മതം പറഞ്ഞല്ല, ഞാൻ വോട്ട് തേടുന്നത്. എല്ലാവരും എനിക്ക് വോട്ടു ചെയ്യും. ബി.ജെ.പിക്ക് തമിഴ് ജനത വോട്ടു ചെയ്യില്ല, ബി.ജെ.പി മതസ്പർദ്ധ വളർത്തുന്നു എന്നൊക്കെ പറയുന്നത് ഡി.എം.കെയാണ്. അവർ മുമ്പ് ബി.ജെ.പിക്കൊപ്പം ചേർന്നില്ലേ? അപ്പോൾ മത വർഗീയ പാർട്ടിയാണെന്ന് അറിഞ്ഞില്ലേ. അന്ന് ഭരണം വേണമായിരുന്നു. കേന്ദ്രത്തിൽ മന്ത്രിമാർ വേണമായിരുന്നു.
ഇപ്പോൾ കോൺഗ്രസും ഡി.എം.കെയും, അയ്യയ്യോ ന്യൂനപക്ഷങ്ങൾ ബി.ജെ.പിക്കും എ. ഡി.എം.കെക്കും ഒപ്പം നിൽക്കുന്നോ എന്ന് ചോദിക്കുന്നു.
പ്രധാനമന്ത്രി വീടില്ലാത്തവർക്ക് വീട് നൽകുന്നു. എല്ലാവർക്കും ബാങ്ക് അക്കൗണ്ടായി. എല്ലാവരുടെ അക്കൗണ്ടിലും 500 രൂപ വന്നു. ഗ്യാസ് കണക്‌ഷൻ വന്നു. കർഷകർക്ക് വർഷം ആറായിരം രൂപ അക്കൗണ്ടിൽ നൽകി. ഹിന്ദുക്കൾക്ക് മാത്രമാണോ ഇതൊക്കെ നൽകിയത്? മതലഹള ഒരിടത്തും നടന്നില്ല. ആര് ഭരിച്ചപ്പോഴാണ് ഇവിടെ ബോംബ് സ്ഫോടനം നടന്നതെന്ന് മറക്കരുത്. മുത്തലാക്ക് നിരോധനം സ്ത്രീകളെ സംരക്ഷിക്കാനാണ്-- വനതിയുടെ വാക്കുകളിലും തീപ്പൊരികൾ...
കണക്കിൽ കണ്ണ്
കോയമ്പത്തൂർ സൗത്തിൽ 2016ൽ ബി.ജെ.പി ഒറ്റയ്ക്കു മത്സരിച്ചപ്പോൾ വനതി ശ്രീനിവാസൻ 33,113 വോട്ട് നേടി - 22%. അന്ന് ജയിച്ച എ. ഡി.എം.കെയിലെ അമ്മൻ കെ.അർജ്ജുനന് 59,788 വോട്ട് കിട്ടി. ഇപ്പോൾ ഇരു പാർട്ടികളും സഖ്യത്തിലാണ്. അന്ന് അർജ്ജുനന് കിട്ടിയതിന്റെ പകുതി വോട്ട് കൂടി കിട്ടിയാലും ഇത്തവണ വനതി ജയിക്കും.
കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായ മൗര്യ ജയകുമാർ (42,369) ആണ് ഇപ്പോഴും കോൺഗ്രസ് സ്ഥാനാർത്ഥി. സർക്കാർ വിരുദ്ധ വോട്ടുകൾ നേടി ജയിക്കാമെന്നാണ് പ്രതീക്ഷ. രണ്ടു പേരുടേയും കണക്കുകൂട്ടൽ തെറ്റിച്ച് മക്കൾ നീതി മയ്യത്തിന് അക്കൗണ്ട് തുറക്കാനാണ് കമലിന്റെ അദ്ധ്വാനം.