election

പെരുമ്പാവൂർ: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പെരുമ്പാവൂർ മണ്ഡലത്തിലെ വോട്ടർമാരും ആശയക്കുഴപ്പത്തിലാണ്. പതിവുപോലെയല്ല കാര്യങ്ങൾ. ആർക്ക് വോട്ട് ചെയ്യണമെന്ന സംശയവലയത്തിൽ നിന്നും ഇതുവരെയും പുറത്ത് കടക്കാനായിട്ടില്ല. യു.ഡി. എഫ് സ്ഥാനാർത്ഥി അഡ്വ. എൽദോസ് കുന്നപ്പിളളിക്ക് വോട്ട് ചെയ്യാൻ തീരുമാനിക്കാൻ നിരവധി കാരണങ്ങളുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽ പോലും അടിസ്ഥാനപശ്ചാത്തല മേഖലകൾക്ക് ഫണ്ട് നൽകി വികസന പ്രവർത്തനങ്ങൾ തുടങ്ങി വക്കാനും നടപടികളുമായി മുന്നോട്ട് പോകാനും കുന്നപ്പിളളിക്ക് കഴിഞ്ഞിട്ടുണ്ട്.പലയിടങ്ങളിലും സ്വതസിദ്ധശൈലിയിൽ പ്രവർത്തിക്കുന്നതും അപക്വമായി ചിലയിടങ്ങളിൽ പെരുമാറുന്നതും പാർട്ടിക്കകത്തും ഘടകകക്ഷികൾക്കിടയിലും മുറുമുറുപ്പുകൾ ഉയർത്തിയെങ്കിലും തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടി ഒറ്റക്കെട്ടായി പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. യാക്കോബായ വിഭാഗവുമായി ഒരുവേള ചെറിയ രീതിയിൽ അകൽച്ച വന്നെങ്കിലും പിന്നീട് എം.എൽ.എയുമായി സഭാ നേതൃത്വം ചങ്ങാത്തം പുനരാരംഭിച്ചത് കുന്നപ്പിളളിക്ക് ആശ്വാസമേകുന്ന ഘടകമാണ്. അയോധ്യക്ഷേത്ര നിർമ്മാണത്തിലേക്ക് സംഭാവന നൽകിയെന്ന വിവാദം മറുവിഭാഗം പരക്കെ ഉപയോഗിക്കുന്നത് ചില വോട്ടർമാരെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ട്. എ, ഐ ഗ്രൂപ്പ് തിരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുന്ന മണ്ഡലം കൂടിയാണ് പെരുമ്പാവൂർ. വിജയസാധ്യതയിൽ ഒരു പടി മുന്നിൽ നിൽക്കുന്ന സ്ഥാനാർത്ഥിയാണ് എൽദോസ് കുന്നപ്പിളളിയെങ്കിലും അട്ടിമറി സാധ്യതകളും ഏറെയാണ്.

സ്വന്തം നാട്ടിൽ നിന്നും യുഡി എഫ് പ്രവർത്തനപരിചയത്തിൽ നിന്നും ഉയർന്ന് വന്ന എൽഡി എഫ് സ്ഥാനാർത്ഥിയാണ് ബാബു ജോസഫാണ് മണ്ഡലത്തിലെ മറ്റൊരു സ്ഥാനാർത്ഥി.ലോട്ടറി അടിച്ചത് പോലെയാണ് മുൻ ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാനായി ബാബു ജോസഫിന് ഇക്കുറി സ്ഥാനാർത്ഥിത്വം ലഭിച്ചതെങ്കിലും ശക്തമായ പ്രചരണപരിപാടികളുമായി മുന്നോട്ട് പോകുകയാണ്. സ്വന്തം നാട്ടുകാരൻ, വർഷങ്ങളായുളള ജനപ്രതിനിധി, യുഡി എഫ് സ്ഥാനാർത്ഥിയേക്കാൾ പക്വതയുളളയാൾ എന്നിവയാണ് ബാബു ജോസഫിന്റെ അനുകൂലഘടകങ്ങൾ. വർഷങ്ങളായി ഇടതുപക്ഷത്ത് സ്ഥാനാർത്ഥിത്വത്തിനായി കുപ്പായം തൈപ്പിച്ച് വച്ച് കാത്തിരുന്നവർ ഉൾപ്പെടെ കൈവിട്ടാൽ ബാബു ജോസഫ് കൂപ്പ് കുത്തുമെന്നുറപ്പാണ്.

എൻ.ഡി. എ ഇത്തവണ മികച്ച സ്ഥാനാർത്ഥിയെയാണ് പെരുമ്പാവൂരിൽ മൽസരിപ്പിക്കുന്നത്. അഭിഭാഷകയായ അഡ്വ.സിന്ധുമോൾ മണ്ഡലത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും വ്യക്തമായ പഠനം നടത്തിയിട്ടാണ് തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയിരിക്കുന്നത്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ വോട്ടഭ്യർത്ഥിച്ച് വോട്ട് ശതമാനം വർദ്ധിപ്പിക്കുക മാത്രമല്ല തന്റെ വിജയം സുനിശ്ചിതമാണെന്ന് ആവർത്തിക്കുകയും ചെയ്യുന്നുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വിവിധയിടങ്ങളിൽ നില മെച്ചപ്പെടുത്താനായതും വിശ്വാസകാര്യങ്ങളിൽ വിശ്വാസികൾക്ക് ഏറ്റ ഉണങ്ങാത്ത മുറിവുകളും ഇവരെ തുണയ്ക്കുമെന്ന കണക്കുകൂട്ടലിലാണ് എൻ.ഡി. എ. എന്നാൽ നേരത്തേ ബി.ഡി.ജെ.എസിന് പറഞ്ഞുവച്ച സീറ്റ് പിന്നീട് തിരികെ ബി.ജെ.പി തന്നെ എടുത്തതിൽ ചിലർക്ക് അമർഷമുണ്ട്. കൂടാതെ പാർട്ടിക്കകത്തെ ചേരിപ്പോരും ഒരു പരിധി വരെ പ്രചരണങ്ങളെ ബാധിക്കുന്നുണ്ട്.

ട്വന്റി20 സ്ഥാനാർത്ഥി അഡ്വ.ചിത്ര പെരുമ്പാവൂരുകാരിയാണെങ്കിലും ജനങ്ങൾക്ക് ചിരപരിചിതയല്ല. കോർപ്പറേറ്റ് രാഷ്ട്രീയപാർട്ടിയാ്െണന്നുളള വാദമാണ് ചിത്രയ്ക്ക് വോട്ട് നൽകാതിരിക്കാൻ വോട്ടർമാർ കണ്ടെത്തുന്ന ന്യായം. എന്നാൽ മണ്ഡലം കൊടുക്കുകയാണെങ്കിൽ മറ്റൊരു സിംഗപ്പൂരാക്കാമെന്നാണ് ട്വന്റി20യുടെ വാഗ്ദാനം.