hospital

മാഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് ഒരു വർഷമായി അടച്ചിട്ട മാഹി ഗവ. ജനറൽ ആശുപത്രി ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ തുറന്നു. മൂന്ന് രോഗികൾക്ക് അഡ്മിഷൻ നൽകിയിട്ടുണ്ട്. ശസ്ത്രക്രിയകൾ ഇന്ന് മുതൽ ആരംഭിക്കും. കിടപ്പ് രോഗികൾക്ക് ഭക്ഷണം നൽകാൻ ഫണ്ട് അനുവദിക്കാത്തതിനാൽ രോഗികൾ തന്നെ ഭക്ഷണം കൊണ്ടുവരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
നൂറ് കണക്കിന് രോഗികൾ നിത്യേന ആശ്രയിക്കുന്ന ഇവിടെ 171 ബെഡ്ഡുകളും, ഐ.സി.യു. സംവിധാനങ്ങളുമുണ്ട്. ആശുപത്രിയിൽ ഒരു വർഷമായി ഒ.പി. വിഭാഗം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. 28 ഡോക്ടർമാരും 65 നഴ്‌സുമാരുമടക്കം 260 ജീവനക്കാരുള്ള ജനറൽ പദവിയുള്ള സർക്കാർ ആതുരാലയമാണിത്. ഒരു വർഷമായി വിവിധ മേഖലകളിലെ ശസ്ത്രക്രിയകൾ മുഴുവനും നിലച്ചിരിക്കുകയായിരുന്നു. രാവിലെ 8 മുതൽ 11 മണി വരെയാണ് ഒ.പി. പ്രവർത്തിക്കുന്നത്. മിക്ക ഡോക്ടർമാരും ഒൻപത് മണിയോടെ എത്തുകയും 11 മണിക്ക് മുമ്പായി സ്ഥലം വിടുകയും ചെയ്യുകയാണ്. രണ്ട് മണി വരെയാണ് ഡ്യൂട്ടി സമയം. ചില ഡോക്ടർമാരാകട്ടെ ഡ്യൂട്ടി സമയത്ത് തന്നെ സ്വകാര്യ ക്ലിനിക്കുകളിലും ജോലി ചെയ്യുന്നുണ്ട്. അത്തരം ക്ലിനിക്കുകളിൽ ആശുപത്രി അടച്ചു കിടക്കുന്നതിനാൽ നല്ല കൊയ്ത്തുമാണ്. ഒ.പിയിലെത്തുന്ന രോഗികളോട് ചില ജൂനിയർ ഡോക്ടർമാർ മോശമായി പെരുമാറുന്നതായും പരാതിയുണ്ട്. അടച്ചിട്ട കാലത്ത് ആശുപത്രിയുടെ മുഴുവൻ അറ്റകുറ്റപണികളും തീർത്തിരുന്നു. ആശുപത്രിയിലെ മുഴുവൻ ജീവനക്കാർക്കും ഇതിനകം രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ നൽകിക്കഴിഞ്ഞിട്ടുണ്ട്. ഒരു മാസമായി മാഹി ഗവ. ആശുപത്രിയിൽ ശരാശരി രണ്ട് കൊവിഡ് രോഗികൾ മാത്രമാണുണ്ടായിരുന്നത്. ഇവരെ ഐസലേഷൻ വാർഡിലാണ് കിടത്തി ചികിത്സിച്ചിരുന്നത്. ഇപ്പോൾ ഇവിടെ കൊവിഡ് രോഗികൾ ആരുമില്ല
ആശുപത്രി അടഞ്ഞ് കിടക്കുന്നതിനാൽ നിത്യേന നിരവധി പാവപ്പെട്ട രോഗികൾക്ക് തലശ്ശേരിയിലേയും വടകരയിലേയും ആശുപത്രികളെ ആശ്രയിക്കേണ്ടി വരികയാണ്. കേരളകൗമുദി ഫ്ലാഷിലെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആശുപത്രി തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായത്. ആശുപത്രിയിലെ ലിഫ്റ്റ് കേടായതിനാൽ മുകളിലത്തെ വാർഡുകളിലെത്താൻ ഏറെ പാടുപെടേണ്ടി വരികയാണ്. എക്‌സ് റേ മെഷീൻ ഉണ്ടെങ്കിലും പ്രിന്റ് എടുക്കാനാവുന്നില്ല.