
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹാസ്യ കഥാപാത്രമാക്കാനുള്ള ശ്രമങ്ങൾ പല കേന്ദ്രങ്ങളും രസം പിടിച്ച് നടത്തുന്നുണ്ട്. എന്നാൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ വസ്തുനിഷ്ഠമായി പരിശോധിച്ചാൽ അടുത്ത കാലത്തൊന്നും ഇത്രയും ക്രിയാത്മകമായി പ്രവർത്തിച്ച മറ്റൊരു പ്രതിപക്ഷ നേതാവിനെ കാണാനാവില്ല എന്ന് മനസ്സിലാവും. വോട്ടർ പട്ടികയിലെ പിഴവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ തെളിവ് സഹിതമുള്ള ആരോപണങ്ങൾ ഒടുവിൽ ഹൈക്കോടതി വരെ ശരിവച്ചിരിക്കുകയാണ്. സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ പിഴവുണ്ടെന്ന് വ്യക്തമാണെന്നും ഒരു വോട്ടർ പോലും ഇരട്ട വോട്ട് ചെയ്യുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്.
സാങ്കേതിക വിദ്യകൾ വളരെ വികസിച്ച ഈ ആധുനിക കാലത്ത് ഒരേ നമ്പരിൽ രണ്ട് ആധാർ കാർഡ് ആർക്കും എടുക്കാനാവില്ല. അതേ സംവിധാനം വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയറിൽ ഏർപ്പെടുത്തിയാൽ തീരുന്നതേയുള്ളൂ ഈ പ്രശ്നം. പക്ഷേ അതിനുവേണ്ടി വാദിക്കാൻ ഒരു രാഷ്ട്രീയ കക്ഷിയും തയ്യാറാവില്ല. കാരണം ഇരട്ട വോട്ട് ഉൾപ്പെടുത്തുന്ന പ്രക്രിയയിൽ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും പങ്കുണ്ട്. അല്ലാതെ ഇത് ഏതെങ്കിലും ഒരു കക്ഷിയുടെ മാത്രം കുത്തകയല്ല. അവരവർക്ക് സ്വാധീനമുള്ള മേഖലയിൽ എല്ലാവരും ഇതിനായി ശ്രമിക്കും. അതിനാലാണ് ആത്യന്തികമായ പ്രശ്ന പരിഹാരത്തിന് ആരും ശ്രമിക്കാത്തത്. ഏറെ നാളത്തെ വിശകലനത്തിനും പഠനത്തിനും ശേഷം മതിയായ തെളിവിന്റെ പിൻബലത്തോടെയാണ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്. വോട്ടർ പട്ടികയിൽ 3.24 ലക്ഷം ഇരട്ട വോട്ടുകളും 1.09 ലക്ഷം വ്യാജ വോട്ടുകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ചെന്നിത്തല ഹർജിയിൽ ആരോപിക്കുന്നത്. ഹൈക്കോടതിയുടെ ഇടപെടലിലൂടെ ഈ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം ഉണ്ടായാൽ അത് പ്രതിപക്ഷ നേതാവിന്റെ ഒരു വിജയമായി തന്നെ വിലയിരുത്തേണ്ടിവരും.
സ്പ്രിംഗ്ളർ ഇടപാട് സംബന്ധിച്ച ആരോപണം അദ്ദേഹം ഉന്നയിച്ച സമയത്ത് ആ വാക്ക് പോലും കേരളത്തിൽ ആരും കേട്ടിട്ടില്ലായിരുന്നു. എന്നാൽ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ കമ്പനിയുടെ അമേരിക്കയിലുള്ള സർവറിലേക്ക് നേരിട്ട് പോവുകയാണെന്ന വലിയ വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയത്. അതിനിടെ ഒന്നര ലക്ഷം പേരുടെ വിവരങ്ങൾ കൈമാറിക്കഴിഞ്ഞിരുന്നു. ഒടുവിൽ കോടതി ഇടപെട്ടതോടെ സർക്കാരിന് സ്പ്രിംഗ്ളർ ഇടപാട് റദ്ദാക്കേണ്ടി വന്നു.ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച ആരോപണവും ആദ്യം ഉയർത്തിയത് പ്രതിപക്ഷ നേതാവാണ്. ആദ്യം അടപടലെ സർക്കാർ ഇതെല്ലാം നിഷേധിച്ചെങ്കിലും തെളിവുകൾ ഓരോന്നായി പുറത്തുവന്നതോടെ അതുമായി ബന്ധപ്പെട്ട കരാറും റദ്ദാക്കേണ്ടിവന്നു.
2018-ലെ പ്രളയത്തിൽ പമ്പാ ത്രിവേണിയിൽ അടിഞ്ഞ കോടികൾ വിലയുള്ള മണൽ പൊട്ടിപ്പൊളിഞ്ഞ ഒരു പൊതുമേഖലാ സ്ഥാപനത്തെ മുൻനിറുത്തി കോട്ടയത്തെ ഒരു സ്വകാര്യ കമ്പനിക്ക് മറിച്ച് വിൽക്കാനുള്ള നീക്കം കണ്ടെത്തി തടഞ്ഞതും പ്രതിപക്ഷ നേതാവാണ്. അന്നത്തെ ചീഫ് സെക്രട്ടറി വിരമിക്കുന്നതിന്റെ തലേന്ന് ഡി.ജി.പിയുമായി ഹെലികോപ്ടറിൽ കറങ്ങി മണൽ കണ്ടത് വാർത്തയായിരുന്നു. അധികാര കേന്ദ്രത്തിലുള്ള പലരെയും പിണക്കിയാൽ മറ്റൊന്നും കഴിഞ്ഞില്ലെങ്കിൽ പരിഹാസ്യ കഥാപാത്രമാക്കാനുള്ള വഴിയെങ്കിലും അവർ നോക്കും. അതിന്റെ ഒരു ഇര കൂടിയാണ് പ്രതിപക്ഷ നേതാവ്.
ഡിസ്റ്റിലറി ബ്രൂവറി ഇടപാട്, ബന്ധു നിയമന വിവാദം, മാർക്ക് ദാന വിവാദം, പി.എസ്.സി പരീക്ഷ തട്ടിപ്പ്, പ്രളയ ഫണ്ട് തട്ടിപ്പ്, പിൻവാതിൽ നിയമന വിവാദം തുടങ്ങി ഫലം കണ്ട നിരവധി ആരോപണങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ പ്രതിപക്ഷ നേതാവ് ഉയർത്തിക്കൊണ്ട് വന്നത് മറക്കാൻ സമയമായിട്ടില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് നോക്കിയാൽ തെറ്റ് പറ്റിയതിൽ കടിച്ച് തൂങ്ങാതെ അപ്പപ്പോൾ റദ്ദാക്കാനുള്ള ആർജ്ജവം അവരും കാട്ടി. 
സർക്കാരിന്റെ അരിവിതരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷ നേതാവിനെ പഴിക്കുന്നവർ നേരത്തേ പറഞ്ഞ സർക്കാർ നടപടികളിൽ അദ്ദേഹം നടത്തിയ ഇടപെടലുകളും അവയുടെ അനന്തരഫലവും സൗകര്യപൂർവം മറന്നുപോകരുത്. ജനാധിപത്യത്തിൽ ക്രിയാത്മക പ്രതിപക്ഷത്തിന് വലിയ പങ്കുണ്ട്. ഭരണപക്ഷം സ്വേച്ഛാധിപത്യത്തിലേക്കും ഏകാധിപത്യത്തിലേക്കും വഴുതിപ്പോകാതെ സൂക്ഷിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയുമാണ്. പ്രതിപക്ഷം നിശ്ശബ്ദമായിരുന്നിടത്തെല്ലാം സർക്കാരുകൾ തന്നിഷ്ടം കാട്ടിയ ചരിത്രം എല്ലാ നാട്ടിലുമുണ്ട്. ആ ജാഗ്രതയെ രാഷ്ട്രീയവത്കരിക്കരുത്.