blood

മലത്തിനൊപ്പം രക്തം കണ്ടാൽ 'മൂന്നരത്തരം അത് അർശസ് തന്നെ' എന്ന് ഉറപ്പിക്കുന്നവർ നിരവധിയാണ്. എന്നാൽ,അത് പൂർണമായും തെറ്റാണ്. ചിലർക്ക് ഇങ്ങനെ രക്തം പോകുന്നതിന്റെ കാരണം അർശസ് ആകാം. എന്നാൽ, അല്ലാതെയും നിരവധി കാരണങ്ങൾ ഉണ്ടെന്നും അവയിൽ പലതും അർശസിനേക്കാൾ ഗുരുതരമായതും ജീവഹാനി വരെ സംഭവിക്കാവുന്നവയാണെന്നും തിരിച്ചറിയണം.

അർശസ് പോലെ തന്നെ മലദ്വാരത്തിന് സമീപം കാണുന്ന ഫിഷർ, ഇൻഫ്ളമേറ്ററി ബവൽ ഡിസീസ്, കുടൽപ്പുണ്ണ് അഥവാ അൾസർ, കുടലിലും മലാശയത്തിലും ഉണ്ടാകുന്ന കാൻസർ, കരൾ രോഗങ്ങളുമായി ബന്ധപ്പെട്ട ചില അവസ്ഥകൾ, പാൻക്രിയാസിന് പെട്ടെന്നുണ്ടാകുന്ന വീക്കം എന്നിവയിലും രക്തസ്രാവം ലക്ഷണമായി കണ്ടേക്കാം. ഇവ തിരിച്ചറിയുന്നതിന് മറ്റു പരിശോധനകൾക്ക് കൂടി വിധേയമാകാതെ ചോര കണ്ടാലുടൻ അർശസിന് മരുന്ന് കഴിക്കുന്നതും കുറയുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നതും അപകടമാണ്.

മലത്തിൽ പറ്റിയിരിക്കുന്നതോ, തുള്ളികളായി വീഴുന്നതോ, തുടയ്ക്കുമ്പോൾ മനസ്സിലാകുന്നതോ, മലം പോകുന്ന സമയത്തോ, അല്ലാതെയോ രക്തത്തിന്റെ സാന്നിദ്ധ്യം കാണാം. ബ്ളീഡിംഗ് ചുവപ്പു നിറത്തിലും ദഹിച്ച രക്തമാണെങ്കിൽ കറുത്ത നിറത്തിലോ, കോഫി ബ്രൗൺ നിറത്തിലോ ആയിരിക്കും കാണുന്നത്.

എന്ത് കാരണം കൊണ്ടാണ് ബ്ലീഡിംഗ് കാണുന്നതെന്ന് തിരിച്ചറിയുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. രക്തസ്രാവത്തിന്റെ കാരണം അർശസ്, ഫിഷർ എന്നിവയാണെങ്കിൽ അതിന്റെതായ സാവകാശം സ്വീകരിച്ചുള്ള ചികിത്സകൾ മതിയാകും. എന്നാൽ,​ ഒരിക്കലും ഇവയ്ക്ക് ചികിത്സ അത്യാവശ്യമല്ല എന്ന് കരുതരുത്.

അപ്രതീക്ഷിതമായ രക്തസ്രാവം കൊണ്ട് രക്തസമ്മർദ്ദം താഴ്ന്ന് അപകടത്തിനിടയുണ്ട്. എന്നാൽ ​ മലാശയത്തിലോ,കുടലിനുള്ളിലോ കാണുന്ന കാൻസർ രോഗത്തിൽ വളരെ കൂടുതൽ രക്തം പെട്ടെന്ന് സ്രവിക്കുകയോ, തുടർച്ചയായി സ്രവിച്ചുകൊണ്ടിരിക്കുകയോ, രക്തസമ്മർദ്ദം കുറയുകയോ ചെയ്യണമെന്നില്ല.

ഏതെങ്കിലും തരത്തിലുള്ള അടിപിടി, റോഡപകടങ്ങൾ, ശക്തിയായ വീഴ്ച എന്നിവയ്ക്കുശേഷം ശക്തമായ വേദന, തലകറക്കം, ശ്വാസഗതിയിലെ വ്യത്യാസം, നിൽക്കുമ്പോൾ ബുദ്ധിമുട്ടുകൾ വർദ്ധിക്കുക തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം രക്തസ്രാവവും കൂടി കാണുകയാണെങ്കിൽ വളരെ വേഗത്തിൽ ഡോക്ടറെ കാണുകയും രോഗനിർണ്ണയം നടത്തുകയും വേണം.

എന്നാൽ,​ വല്ലപ്പോഴുമുള്ള മലബന്ധം, നിർജ്ജലീകരണം എന്നീ കാരണങ്ങളാൽ മലം കട്ടി പിടിച്ച് മലദ്വാരത്തിലൂടെ പുറത്തേക്ക് പോകുന്ന ഭാഗത്ത് മുറിവുണ്ടായി ബ്ളീഡ് ചെയ്യുന്നതിന് പ്രത്യേക ചികിത്സ വേണമെന്ന് തന്നെയില്ല. എന്നാൽ,​ അത്തരം സന്ദർഭങ്ങളിൽ മലം കട്ടിയാകാതിരിക്കാനുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടി വരും.

വറുത്തത്, ബീഫ്, പോർക്ക് തുടങ്ങിയ റെഡ്മീറ്റ്, സംസ്കരിച്ച മാംസം, കോഴിയിറച്ചി, മസാല കൂടുതലുള്ള ആഹാരം, ജലാംശം തീരെ കുറഞ്ഞ ഭക്ഷണം എന്നിവയുടെ ഉപയോഗത്തെത്തുടർന്ന് കാണുന്ന ബ്ലീഡിംഗിനേക്കാൾ ശ്രദ്ധ നൽകേണ്ടത് ഇത്തരം സാഹചര്യങ്ങളിലല്ലാതെ കാണുന്ന രക്തസ്രാവത്തിനാണെന്ന കാര്യം മറക്കരുത്.