lotttery

തിരുവനന്തപുരം: ഏപ്രിൽ അഞ്ചുമുതൽ കേരളത്തിൽ മിസാേറാം ലോട്ടറിയുടെ വില്പന നടത്താനുള്ള അപേക്ഷ സംസ്ഥാന സർക്കാർ തള്ളി.

സംസ്ഥാന ലോട്ടറിക്കൊപ്പം അന്യസംസ്ഥാന ലോട്ടറികൾക്കും പ്രവർത്തിക്കാമെന്ന കേന്ദ്ര നിയമം ചൂണ്ടിക്കാട്ടിയാണ് ബന്ധപ്പെട്ടവർ അപേക്ഷ നൽകിയത്.

നേരത്തെ സിക്കിം, ഭൂട്ടാൻ ലോട്ടറികൾ കേരളത്തിൽ വിൽക്കുന്നത് കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. സിക്കിം ലോട്ടറിക്ക് ബാധകമായ വിലക്ക് മിസോറാമിനും ബാധകമാണെന്ന് നികുതി വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിൻഹ പറഞ്ഞു.അന്യ സംസ്ഥാന ലോട്ടറി സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്.

കേന്ദ്രലോട്ടറി ചട്ടങ്ങൾ പാലിക്കാത്തതുകൊണ്ടാണ് സിക്കിം, ഭൂട്ടാൻ ലോട്ടറികളെ നിരോധിച്ചത്. കൃത്യമായ കണക്കുകൊടുക്കാതിരിക്കുക, സംസ്ഥാനത്തെ സെക്യൂരിറ്റി പ്രസിൽ അച്ചടിക്കാതിരിക്കുക തുടങ്ങിയ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് 2015ൽ നിരോധിച്ചത്. ജി.എസ്.ടി സംസ്ഥാന ലോട്ടറിക്കും അന്യസംസ്ഥാന ലോട്ടറിക്കും ഏകീകരിച്ചതോടെയാണ് കേരളത്തിൽ വീണ്ടും വില്പന നടത്താൻ ശ്രമിക്കുന്നത്.

മിസോറം ലോട്ടറി കേരളത്തിൽ വില്പന ആരംഭിക്കാനുള്ള നീക്കത്തിനെതിരെ തൃപ്പൂണിത്തുറ എരൂരിലെ മിസോറാം ലോട്ടറി വിതരണക്കാരന്റെ ഓഫീസിലേക്ക് ഏപ്രിൽ ഒന്നിന് ലോട്ടറി തൊഴിലാളി സംഘടനകൾ മാർച്ച് നടത്തും.