
തിരുവനന്തപുരം: 1960-ലെ കേരളാ ഷോപ്പ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ പൊതു-സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പും മലപ്പുറം പാർലമെന്റ് മണ്ഡലം ഉപതിരഞ്ഞെടുപ്പും നടക്കുന്ന ഏപ്രിൽ ആറിന് വേതനത്തോടുകൂടിയുള്ള അവധി നല്‍കണമെന്ന് ലേബർ കമ്മിഷണർ ഉത്തരവായി. അവധി അനുവദിക്കുന്നതുവഴി തൊഴിലാളികളുടെ വേതനത്തിൽ കുറവ് വരുത്തുകയോ വേതനം നല്‍കാതിരിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. ഉത്തരവ് ലംഘിച്ചാൽ തൊഴിൽ ഉടമയിൽ നിന്ന് 500 രൂപ വരെ പിഴ ഈടാക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്കും കരാർ/ കാഷ്വൽ തൊഴിലാളികൾക്കും ഉത്തരവ് ബാധകമാണ്. സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്നവർക്ക് അവരുടെ വോട്ടിംഗ് പ്രദേശത്ത് പോയി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് വേതനത്തോടുകൂടിയ അവധി നല്‍കണം.