dd

തിരുവനന്തപുരം: ആഡംബര ഹോട്ടലിൽ മുറിയെടുത്ത് പണം വച്ച് ചീട്ടുകളി നടത്തി വന്ന എട്ടംഗസംഘത്തെ പിടികൂടി. പെരുമാതുറ സ്വദേശി ഷാജി (47), കണ്ണമ്മൂല സ്വദേശി പ്രഭലേന്ദ്രകുമാർ (48), കമലേശ്വരം സ്വദേശി രാജ്കുമാർ (41), അമ്പലത്തറ സ്വദേശി വേണു (60), പെരുന്താന്നി സ്വദേശി സന്തോഷ് (43), കമലേശ്വരം സ്വദേശി ഗോപൻ (45), മുട്ടത്തറ സ്വദേശി രാധാകൃഷ്ണൻ (53), കാരയ്ക്കാമണ്ഡപം സ്വദേശി സെയ്താലി (44) എന്നിവരെയാണ് സിറ്റി ഷാഡോ ടീമിന്റെ സഹായത്തോടെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചീട്ടുകളിയ്ക്കായി ഉപയോഗിച്ച 90,000 രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തു. തമ്പാനൂർ മാഞ്ഞാലിക്കുളം റോഡിലുളള ബോബൻ റസിഡൻസി ഹോട്ടലിൽ പണം വച്ച് ചീട്ടുകളി നടത്തുന്നതായി സിബ്രാഞ്ച് അസി. കമ്മിഷണർ ജോൺസൺ ചാൾസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് പിടിയിലായത്. ഇവരുടെ പേരിൽ കേരള ഗെയിമിംഗ് ആക്ട് പ്രകാരം കേസെടുത്തു. തമ്പാനൂർ എസ്.എച്ച്.ഒ മുഹമ്മദ് ഷാഫി,എസ്.ഐമാരായ വിമൽ രംഗനാഥ്,സായിസേനൻ,ഷാഡോ എസ്.ഐ അരുൺ കുമാർ എന്നിവരും ഷാഡോ ടീം അംഗങ്ങളും ഉൾപ്പെട്ട പൊലീസ് സംഘമാണ് റെയ്ഡിനും അറസ്റ്റിനും നേതൃത്വം നൽകിയത്.