
തിരുവനന്തപുരം: ഹൈക്കോടതി ഇടപെട്ട് ഇലക്ഷൻ കമ്മിഷന്റെ തടസം നീക്കിയ സാഹചര്യത്തിൽ സംസ്ഥാനത്ത് വിഷുവിനുള്ള സ്പെഷ്യൽ അരിവിതരണം ഇന്നാരംഭിക്കും. മുൻഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷൻകാർഡുള്ള 50 ലക്ഷത്തോളം കുടുംബങ്ങൾക്കാണ് സ്പെഷ്യൽ അരി കിട്ടുക. കാർഡ് ഒന്നിന് 10 കിലോ അരി 15 രൂപ നിരക്കിലാണ് നൽകുക. ഇതിനായി അരലക്ഷം ടൺ അരി റേഷൻ കടകളിൽ അധികമായി എത്തിച്ചിട്ടുണ്ട്. ഇൗ മാസം മുഴുവൻ ഇത് ലഭിക്കും.
മഞ്ഞ,പിങ്ക് തുടങ്ങി മുൻഗണനാ വിഭാഗത്തിലുള്ളവർക്ക് നിലവിൽ സ്പെഷ്യൽ അരി കിട്ടുന്നുണ്ട്. മുൻഗണനേതര വിഭാഗക്കാർക്ക് കൊവിഡ് കാലത്ത് കൊടുത്തെങ്കിലും പിന്നീട് നിറുത്തിവച്ചിരിക്കുകയായിരുന്നു. വിഷു, ഇൗസ്റ്റർ, റംസാൻ ഉത്സവകാലം പരിഗണിച്ചാണ് ഇൗ മാസം സ്പെഷ്യൽ അരി വിതരണം മുൻഗണനേതര വിഭാഗത്തിനും നൽകാൻ തീരുമാനിച്ചത്. ഇത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വോട്ടർമാരെ സ്വാധീനിക്കാനാണെന്ന പ്രതിപക്ഷ പരാതി പരിഗണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ സ്പെഷ്യൽ അരി വിതരണം തടഞ്ഞു. ഇതിനെതിരെ സംസ്ഥാന ഭക്ഷ്യവകുപ്പ് ഹൈക്കോടതിയെ സമീപിച്ചാണ് അനുമതി പുനഃസ്ഥാപിച്ചത്.
വിഷുക്കിറ്റ് വിതരണം തുടങ്ങി
വിഷുവിനുള്ള സ്പെഷ്യൽ കിറ്റ് വിതരണം ഇന്നലെ ആരംഭിച്ചു. മാർച്ച് 25ന് തുടങ്ങാനിരുന്ന കിറ്റ് വിതരണം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടലിനെ തുടർന്നാണ് വൈകിയത്. പതിവ് കിറ്റിൽ 9 ഇനങ്ങളായിരുന്നു. വിഷു സ്പെഷ്യൽ കിറ്റിൽ 14 കൂട്ടം സാധനങ്ങളുണ്ട്. ഇന്നലെ മഞ്ഞ കാർഡുടമകൾക്കാണ് നൽകിയത്. ഇതിനു ശേഷം പിങ്ക്, വെള്ള, നീല തുടങ്ങിയ കാർഡുടമകൾക്ക് ലഭിക്കും. 90ലക്ഷത്തിൽപ്പരം കുടുംബങ്ങൾക്കാണ് സ്പെഷ്യൽ കിറ്റ് ലഭിക്കുന്നത്. 1475കോടി രൂപയാണ് ഇതിന്റെ ചെലവ്. ഫെബ്രുവരി മാസത്തെ കിറ്റ് ഇന്നുകൂടി മാത്രമേ കിട്ടുകയുള്ളൂ. മാർച്ച് മാസത്തെ കിറ്റ് വാങ്ങാത്തവർക്ക് അത് സ്പെഷ്യൽ കിറ്റിനൊപ്പം വാങ്ങാം. മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രിൽ ആറുവരെ നീട്ടിയിട്ടുണ്ട്.