
ആറ്റിങ്ങൽ: വീട്ടിൽ നിന്ന് കാണാതായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അവനവഞ്ചേരി ഇളംതുരുത്തി അനീഷ് കോട്ടേജിൽ അഖിലേഷിന്റെ ഭാര്യ രമ്യയാണ് (23) മരിച്ചത്. അവനവഞ്ചേരി പൂവൻകോട്ട് കുളത്തിൽ ഇന്നലെ രാവിലെ 8 മണിയോടെയാണ് മൃതദേഹം കണ്ടത്. പ്രാഥമികാന്വേഷണത്തിൽ ദുരൂഹതയില്ലെന്നും പോസ്റ്റ്‌മോർട്ടത്തിനുശേഷം ആവശ്യമെങ്കിൽ വിശദാന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
രമ്യയും അഖിലേഷും തമ്മിൽ നാലുവർഷം മുൻപാണ് വിവാഹിതരായത്. മാമം രമ്യ നിവാസിൽ ഉണ്ണി - ലത ദമ്പതികളുടെ ഏകമകളാണ് രമ്യ. ഭർത്താവിന്റെ വീട്ടിലാണ് രമ്യ താമസിക്കുന്നത്. വെഞ്ഞാറമൂട് കേന്ദ്രമായി പ്രവർത്തിക്കുന്ന മത്സരപരീക്ഷാപരിശീലനകേന്ദ്രത്തിലെ ഡ്രൈവറായ അഖിലേഷ് മറ്റുജില്ലകളിലെ വില്പനശാലകളിൽ പരീക്ഷാസഹായിയുടെ വിതരണത്തിനായി 12 ദിവസം മുൻപ് വീട്ടിൽ നിന്ന് പോയിരുന്നു.
രണ്ട് വയസുള്ള ആര്യൻ ഏകമകനാണ്. തിങ്കളാഴ്ച രാത്രിയിൽ കുഞ്ഞിനോടൊപ്പം ഉറങ്ങാൻ കിടന്നതാണ് രമ്യ. ഇന്നലെ രാവിലെ 6.15ഓടെ കുഞ്ഞിന്റെ കരച്ചിൽകേട്ട് അഖിലേഷിന്റെ അമ്മ മുറിയിൽ ചെന്ന് നോക്കുമ്പോൾ രമ്യയെ കണ്ടില്ല. പ്രാഥമിക ആവശ്യങ്ങൾക്ക് പോയതാകുമെന്ന് കരുതി അല്പനേരം കാത്തിട്ടും കാണാഞ്ഞതിനെത്തുടർന്ന് അന്വേഷണമാരംഭിച്ചു. രമ്യയുടെ അച്ഛനമ്മമാരെയും ബന്ധുക്കളെയും വിവരം അറിയിക്കുകയും എല്ലാവരും ചേർന്ന് അന്വേഷണം നടത്തുകയും ചെയ്യുന്നതിനിടയിലാണ് എട്ട് മണിയോടെ കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.
ആറ്റിങ്ങൽ പൊലീസെത്തി മൃതദേഹം കരയ്‌ക്കെടുത്ത് തുടർനടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്കും ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് സി.ഐ ടി. രാജേഷ്‌കുമാർ പറഞ്ഞു.