
മലപ്പുറം: വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് പോയ വളാഞ്ചേരി ചേറ്റൂർ സ്വദേശിയായ 21കാരിയെ കാണാതായിട്ട് 20 ദിവസം പിന്നിടുമ്പോഴും എങ്ങുമെത്താതെ വളാഞ്ചേരി പൊലീസിന്റെ അന്വേഷണം. കിഴുകപറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തിനെയാണ് മാർച്ച് 10 മുതൽ കാണാതായത്. വെട്ടിച്ചിറയിലെ ഡെന്റൽ ക്ലിനിക്കിൽ സഹായിയായി ജോലി ചെയ്യുകയാണ് സുബീറ. രാവിലെ 9ന് വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് ഇറങ്ങിയതിന്റെ ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. ജോലി സ്ഥലത്ത് എത്തിയിട്ടില്ലെന്നും ഫോണിൽ ലഭ്യമല്ലെന്നും ക്ലിനിക്കിലെ ഡോക്ടർ വീട്ടിൽ വിളിച്ചു പറഞ്ഞതോടെയാണ് വീട്ടുകാർ അന്വേഷിച്ചത്. തുടരെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. രാവിലെ 10.30ന് ശേഷം ഫോൺ സ്വിച്ച് ഓഫായി. അസ്വാഭാവിക പെരുമാറ്റങ്ങൾ ഉണ്ടാവുകയോ സാധാരണയിൽ കവിഞ്ഞ ഒന്നും തന്നെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോവുകയോ ചെയ്തിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു. പരാതിയെ തുടർന്ന്, പ്രദേശത്തെ നിരവധി സി.സി ടിവി ദൃശ്യങ്ങളും സുബൈറയുടെ ഫോൺ വിവരങ്ങളും പൊലീസ് ശേഖരിച്ചെങ്കിലും സംശയത്തക്ക വിധത്തിലുള്ള ഒന്നും ലഭിച്ചിട്ടില്ല. ബന്ധുക്കൾ, സഹപാഠികൾ എന്നിവരുടെ വീടുകളിലും പൊലീസ് അന്വേഷണം നടത്തി. കൂടുതൽ സൗഹൃദങ്ങളില്ലാത്ത സുബീറയുടെ തിരോധാനത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാണ് വീട്ടുകാരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ കളക്ടർ, എസ്.പി എന്നിവർക്ക് പരാതി നൽകി. പെൺകുട്ടിയെ സംബന്ധിച്ച് വിവരങ്ങൾ ലഭിക്കുന്നവർ വളാഞ്ചേരി പൊലീസ് സ്റ്റേഷനിലോ 8590767384, 96052110803 നമ്പറിലോ അറിയിക്കണം. വാർത്താസമ്മേളനത്തിൽ ആക്ഷൻ കൗൺസിൽ ഭാരവാഹികളായ നാസർ നെല്ലിയാളിൽ, ടി.മുഹമ്മദ് ഇസ്മൗഊൽ, സയ്യിദ് മിസ്ഹബ് തങ്ങൾ എന്നിവർ പങ്കെടുത്തു.