
പാനൂർ: സ്കൂട്ടറിൽ കുന്നോത്ത്പറമ്പിലേക്ക് പോവുകയായിരുന്ന അദ്ധ്യാപികയുടെ മുഖത്ത് മുളക്പൊടി വിതറി കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചയാളെ കീഴ്പ്പെടുത്തി നാട്ടുകാരുടെ സഹായത്തോടെ പൊലീസിലേൽപ്പിച്ചു. അണിയാരം ശിവക്ഷേത്രത്തിന് സമീപം കാക്രോട്ട് മുക്കിൽ വെച്ചാണ് മാലപിടിച്ചു പറിക്കാൻ ശ്രമം നടന്നത്. അണിയാരം കിളച്ച പറമ്പത്ത് ലീഷ്മയുടെ താലി മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. അദ്ധ്യാപിക സഞ്ചരിച്ച സ്കൂട്ടർ ഓവർടേക്ക് ചെയ്ത് പോയ ബൈക്ക് യാത്രികനായ യുവാവ് തടഞ്ഞു നിറുത്തി വഴി അന്വേഷിക്കാനെന്ന വ്യാജേന കഴുത്തിലുള്ള ആറര പവന്റെ സ്വർണമാല പൊട്ടിക്കുകയായിരുന്നു. മോഷണ ശ്രമത്തിനൊടുവിൽ ഒന്നര പവൻ ഭാഗം മോഷ്ടാവ് കൈക്കലാക്കുകയും ചെയ്തു. തുടർന്ന് ലീഷ്മ ഒച്ച വയ്ക്കുകയും കീഴ്പ്പെടുത്താനായുള്ള മൽപ്പിടുത്തത്തിൽ നാട്ടുകാരും എത്തിയതോടെ യുവാവിനെ പിടികൂടുകയായിരുന്നു. കോഴിക്കോട് നരിക്കുനി കീഴരിയൂർ കൊഴുക്കല്ലൂർ സ്വദേശി മരുതേരിപറമ്പത്ത് അൻഷാദ് സമറിനെ (20)യാണ് മോഷണശ്രമം നടത്തിയതിന് ചൊക്ലി പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയുടെ വാഹനത്തിൽ നിന്ന് മറ്റൊരു സ്വർണ്ണമാലയും ചെന്നൈയിലേക്ക് റിസർവ്വ് ചെയ്ത റെയിൽവേ ടിക്കറ്റും പൊലീസ് കണ്ടെടുത്തു. കഴുത്തിന് പരിക്ക് പറ്റിയതിനെ തുടർന്ന് ലീഷ്മയെ ചൊക്ലി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.