
പയ്യന്നൂർ: നഗരത്തിലെ ബാറിൽ നിന്നും ഒന്നര ലക്ഷം രൂപ കവർന്ന ശേഷം മുങ്ങിയ, ജീവനക്കാരനും ഒഡീഷ സ്വദേശിയുമായ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. ഒഡീഷ പെന്തക്കൽ സ്വദേശി രാഹുൽ സേത്താണ് (20) പണവുമായി കടന്നുകളയാനുള്ള ശ്രമത്തിനിടയിൽ പൊലീസ് പിടിയിലായത്.
നാട്ടിലേക്ക് പോകാനായി തിങ്കളാഴ്ച പുലർച്ചെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസ് പിടിയിലാകുന്നത്. ഞായറാഴ്ചയാണ് രാഹുൽ സേത്ത് ബാറിൽ നിന്നും ഒന്നര ലക്ഷം രൂപ കവർന്നത്. നാല് മാസം മുൻപ് ജോലി അന്വേഷിച്ചെത്തിയ ഇയാൾക്ക് ബാറിൽ ശുചീകരണ ജോലി നൽകുകയായിരുന്നു. ബാറിൽ പണം സൂക്ഷിക്കുന്ന അലമാരയുടെ താക്കോൽ കൈക്കലാക്കി, അലമാര തുറന്നാണ് പണം കവർച്ച ചെയ്തത്. സ്ഥാപന അധികൃതരുടെ പരാതിയിൽ കേസെടുത്ത പയ്യന്നൂർ പൊലീസ് പ്രതിക്കായി തെരച്ചിൽ നടത്തുന്നതിനിടയിൽ പുലർച്ചെ റെയിൽവേ സ്റ്റേഷനിലും പരിശോധനക്കായി എത്തിയപ്പോൾ, പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ രാഹുൽ സേത്തിനെ ഓടിച്ച് പിടികൂടുകയായിരുന്നു. പയ്യന്നൂർ സി.ഐ എം.സി.പ്രമോദ്, പ്രിൻസിപ്പൽ എസ്.ഐ കെ.ടി. ബിജിത്ത് കുമാർ, എസ്.ഐ അഭിലാഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.