dd

തിരുവനന്തപുരം: വട്ടപ്പാറ കുറ്റിയാനി സ്വദേശി വണ്ടൻ ശശി എന്ന ശശികുമാറിനെ കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളെ കോടതി ജീവപര്യന്തം കഠിന തടവിനും നാല്പതിനായിരം രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു. മൂന്ന് പ്രതികളെ തെളിവില്ലെന്ന് കണ്ട് വെറുതേ വിട്ടു. പിഴയൊടുക്കിയില്ലെങ്കിൽ പ്രതികൾ രണ്ടുവർഷം അധിക തടവ് അനുഭവിക്കണം. രണ്ടാം അഡിഷണൽ ജില്ലാ സെഷൻ ജഡ്ജി എൻ. ശേഷാദ്രിനാഥാന്റേതാണ് ഉത്തരവ്.
വട്ടപ്പാറ വട്ടക്കരിക്കകം സ്വദേശികളായ പയ്യാണ്ടി ബിനു എന്ന ബിനു, അനീഷ്, ശരത് ലാൽ, സജിൻ കുമാർ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ജോയ്, ഷമീർ, ബിനു എന്നിവരെ വെറുതേ വിട്ടു.
2006 നവംബർ 29നാണ് കേസിനാസ്പദമായ സംഭവം. പ്രതികളുടെ സുഹൃത്തായിരുന്ന സന്തോഷിന്റെ മാതാവ് മേഴ്സി ബായുമായി ശശികുമാറിന് ഉണ്ടായിരുന്ന കേസ് തീർക്കാൻ പ്രതികൾ ശശികുമാറിനോട് പണം ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാൻ തയ്യാറാകാത്തതാണ് പ്രതികളെ പ്രകോപിപ്പിച്ചത്.

ശശികുമാറിന്റെ വീട്ടിൽ കടന്നുകയറി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്കേറ്റ മാരക മുറിവാണ് മരണത്തിന് ഇടയാക്കിയത്.
പ്രതികൾ പിഴ തുകയെടുക്കിയാൽ ശശികുമാറിന്റെ ഭാര്യ അംബികയ്ക്ക് നൽകാൻ കോടതി നിർദ്ദേശം നൽകി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി. പ്രിയൻ, ഡി.ജി. റെക്സ് എന്നിവർ ഹാജരായി.