തിരുവനന്തപുരം: കോൺഗ്രസിന്റെ പ്രിയെ...പ്രിയങ്ക മുന്നിൽ നിന്ന് നയിച്ചോളു... ലക്ഷം ലക്ഷം പിന്നാലെ...നേരത്തെ നിശ്ചയിച്ചിരുന്ന സന്ദർശനസമയം കുറച്ചൊന്ന് വൈകിയെങ്കിലും ഭക്തിയിലാണ്ട ആറ്റുകാൽ ക്ഷേത്രത്തിനെ ആവേശത്തിലാഴ്ത്തി പ്രിയങ്കഗാന്ധിയുടെ നിറസാന്നിദ്ധ്യം. കാട്ടാക്കടയിലെ സമ്മേളനത്തിനുശേഷം ബൈക്ക് റാലിയോടെ 8.30നാണ് പ്രിയങ്ക ക്ഷേത്രത്തിലേക്ക് എത്തിയത്. കോൺഗ്രസിന്റെ പ്രിയ നേതാവിനെ കാണാൻ ക്ഷേത്രപരിസരത്ത് പ്രവർത്തകരടക്കം നിരവധി പേരാണ് തടിച്ചുകൂടിയത്. കുട്ടികളടക്കമുള്ള വനിതകളായിരുന്നു ഏറിയ പങ്കും. മൈക്കിലൂടെ പ്രിയങ്കയുടെ വരവിന്റെ വിവരമെത്തിയതോടെ മുദ്രാവാക്യം വിളികളാൽ ക്ഷേത്രപരിസരം മുഖരിതമായി. നേമം സ്ഥാനാർത്ഥി കെ.മുരളീധരനും വട്ടിയൂർക്കാവ് സ്ഥാനാർത്ഥി വീണ എസ്.നായരും നേരത്തെ ക്ഷേത്രത്തിലെത്തിയിരുന്നു. പ്രിയങ്ക ക്ഷേത്രത്തിലെത്തിയതോടെ തിരക്ക് അനിയന്ത്രിതമായി. നരങ്ങാവിളക്ക് തെളിച്ചാണ് അവർ ക്ഷേത്ര സന്ദർശനത്തിന് തുടക്കമിട്ടത്. സുരക്ഷാജീവനക്കാർ നന്നേ പണിപ്പെട്ടാണ് അവരെ സുരക്ഷിതമായി ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത്.ശശിതരൂർ എം.പിയും കാട്ടാക്കട സ്ഥാനാർത്ഥി മലയിൻകീഴ് ഗോപാലകൃഷ്ണനും പ്രിയങ്കയ്ക്കൊപ്പം ക്ഷേത്രത്തിലെത്തിയിരുന്നു. ശീവേലിക്കിടെയായിരുന്നു അവർ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. തുടർന്ന് സന്ദർശനം പൂ‌ർത്തിയാക്കി 8.45 ഓടെ പ്രിയങ്കയും നേതാക്കളും ക്ഷേത്രത്തിന് പുറത്തെത്തിയതോടെ ക്ഷേത്രനട അടച്ചു. സാധാരണയിൽ നിന്ന് 15 മിനിട്ടോളം വൈകിയാണ് നട അടച്ചത്.വൈകിയതോടെ പ്രസംഗത്തിന് മുതിരാതെ അടുത്ത സമ്മേളന സ്ഥലത്തേക്ക് അവർ മടങ്ങുകയായിരുന്നു.

വീണയുടെ സാരിക്ക് തീപിടിച്ചു

പ്രിയങ്ക ഗാന്ധിക്കൊപ്പം നടപ്പന്തലിലെ നാരങ്ങാവിളക്ക് തെളിക്കുന്നതിനിടെ വട്ടിയൂ‌ർക്കാവ് സ്ഥാനാർത്ഥി വീണ എസ്.നായരുടെ സാരിക്ക് തീപടർന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെയും പ്രിയങ്ക ഗാന്ധിയുടെയും ഇടപെടലിലാണ് വൻ അപകടം ഒഴിവായത്.സാരിത്തുമ്പിൽ തീപടർന്നത് വീണയെ അറിയച്ചത് സുരക്ഷ ഉദ്യോഗസ്ഥരായിരുന്നു. സ്ഥാനാർത്ഥി ഭയപ്പെട്ടെങ്കിലും സമയം പാഴാക്കാതെ ഇവർ ഇടപെട്ട് തീകെടുത്തി. ഇതിനിടെ തോളിൽ ഇട്ടിരുന്ന ഷാൾ പ്രിയങ്ക വീണയ്‌ക്ക് നൽകി. ക്ഷേത്രദർശനം കഴിഞ്ഞ് വീണയെ ഒപ്പംകൂട്ടിയാണ് പൂന്തുറയിലെ സമ്മേളനത്തിലേക്ക് അവർ മടങ്ങിയത്.