d

തിരുവനന്തപുരം: മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ തീരദേശത്ത് ആവശം പകർന്ന് പ്രിയങ്കഗാന്ധിയെത്തി. പൂന്തുറയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് അവർ തീരദേശപാതയിലൂടെ നീങ്ങിയത്. പൂക്കൾ വിതറിയും മൂവർണക്കൊടി പാറിച്ചും സ്ത്രീകളടക്കമുള്ള ജനങ്ങൾ പ്രിയങ്കയെ ആവേശത്തോടെ വരവേറ്റു. തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. ശിവകുമാറിന്റെ തിരഞ്ഞെടുപ്പ് പര്യടനാർത്ഥമാണ് പ്രിയങ്ക എത്തിയത്. ആലപ്പുഴ, കൊല്ലം ജില്ലകളിലെ പര്യടനത്തിനുശേഷം ഹെലികോപ്ടറിൽ വെഞ്ഞാറമൂട്ടിലെത്തിയ പ്രിയങ്ക തുടർന്നുള്ള യാത്ര കാർ മാർഗമാക്കി. കാട്ടാക്കടയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്തശേഷം നേരെ ആറ്റുകാൽ ക്ഷേത്ര ദർശനത്തിനെത്തി. ഇതിനുശേഷമാണ് തിരുവനന്തപുരം മണ്ഡലത്തിലെ പ്രചാരണത്തിനെത്തിയത്. രാത്രി 9.15ടെ പൂന്തുറയിലെത്തിയ പ്രിയങ്കയെ പ്രവർത്തകർ ആവേശപൂർവം സ്വീകരിച്ചു. ശശിതരൂർ എം.പി, വട്ടിയൂർക്കാവ് യു.ഡി.എഫ് സ്ഥാനാർത്ഥി വീണ എസ്.നായർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ഓഖി, പ്രളയ സമയങ്ങളിൽ ഇടതുസർക്കാർ മത്സ്യത്തൊഴിലാളികൾക്കായി ഒന്നും ചെയ്‌തില്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. കോർപ്പറേറ്റുകളെ സഹായിക്കാനായിരുന്നു സർക്കാരിന് താത്പര്യം. മത്സ്യത്തൊഴിലാളികൾക്കെതിരായ നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നതെന്നും അവർ ആരോപിച്ചു. തുടർന്ന് നിരവധിവാഹനങ്ങളുടെ അകമ്പടിയിൽ റോഡ് ഷോ ആരംഭിച്ചു. തുറന്ന ജീപ്പിൽ സ്ഥാനാർത്ഥി വി.എസ്. ശിവകുമാറിനൊപ്പമാണ് അവർ സഞ്ചരിച്ചത്. പ്രിയങ്കയെ കാണാൻ വീട്ടമ്മമാരും പാർട്ടി പ്രവർത്തകരും പൂന്തുറ മുതൽ വലിയതുറ വരെയുള്ള പാതയുടെ ഇരുവശത്തും നിലയുറപ്പിച്ചു. വൈകിട്ട് ഏഴോടെ വലിയതുറയിലെത്തുമെന്നാണ് പാർട്ടിപ്രവർത്തകർ അറിയിച്ചിരുന്നത്. ഹെലികോപ്ടർ മാറ്റി കാറിൽ യാത്രയായതോടെ സമയം മാറി. എങ്കിലും പ്രവർത്തകർ പ്രതീക്ഷയോടെ കാത്തുനിന്നു. പൂന്തുറയിലും വലിയതുറയിലും വൻ പൊലീസ് സന്നാഹവും ഉണ്ടായിരുന്നു. രാത്രി എട്ടോടെ വലിയതുറ ജംഗ്ഷനിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത വിധം തിരക്കായി. 9.40ഓടെ റോഡ് ഷോയുടെ അറിയിപ്പുമായി അനൗൺസ്‌മെന്റ് വാഹനം വലിയതുറ ജംഗ്ഷനിലെത്തി. ജനത്തിന് നേരെ കൈവീശി പ്രിയങ്ക കടന്നുപോയപ്പോൾ പ്രസംഗം പ്രതീക്ഷിച്ച പ്രവർത്തകർക്ക് നിരാശ.