kk

വർക്കല: വാഹനങ്ങളിൽ നിരോധിത എയർ ഹോണുകൾ വ്യാപകമായി ഉപയോഗിക്കുന്നതായി പരാതി. നിയന്ത്രിത ഇലക്ട്രിക് ഹോണുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന നിയമം നിലനിൽക്കെയാണ് കാതടപ്പിക്കുന്ന ഇത്തരം എയർ ഹോണിന്റെ ഉപയോഗം വർദ്ധിച്ചിരിക്കുന്നത്. കാൽനടയാത്രക്കാരും ഇരുചക്ര യാത്രികരും റോഡ് വശങ്ങളിലെ കച്ചവടക്കാരും ചെവിതുളച്ചു കയറുന്ന ശബ്ദം കാരണം പൊറുതിമുട്ടിയിരിക്കുകയാണ്.

12000 കി. ലോക്ക് മുകളിൽ ഭാരമുള്ള യാത്ര, വ്യാവസായിക വാഹനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ശബ്ദ പരിധി 91 ഡെസിബൽ ആണെന്നിരിക്കെ 125 ഡെസിബൽ വരെ ശബ്ദം പുറപ്പെടുവിക്കുന്ന എയർ ഹോണുകളാണ് പലരും ഉപയോഗിക്കുന്നത്. പരിചയക്കുറവുള്ള ഡ്രൈവർമാർ പിറകിൽ നിന്നുള്ള എയർ ഹോൺ കേട്ട് പേടിച്ച് അപകടത്തിൽ പെടുന്നത് പതിവാണ്.

പൊലീസും, മോട്ടോർ വാഹന വകുപ്പും പലപ്പോഴും ശബ്ദ നിയന്ത്രണ നിയമലംഘനങ്ങൾ ശ്രദ്ധിക്കുന്നില്ല. പിടിക്കപ്പെട്ടാൽ ചെറിയൊരു പിഴ ഒടുക്കി രക്ഷപ്പെടാം എന്നതിനാൽ നിയമലംഘനം തുടർക്കഥയാകുന്നു. പരിശോധനകൾ കർശനമാക്കി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന വാഹനങ്ങളുടെ ശബ്ദമലിനീകരണം നിയന്ത്രിക്കണമെന്നാവശ്യം ശക്തമാണ്. തെരുവോരങ്ങളിൽ പൊലീസിന്റെയും ആർ.ടി.ഒയുടെയും പരിശോധനകൾ ഹെ‍‍ൽമെറ്റിന്റെയും ലൈസൻസിന്റെയും പേരിൽ നടക്കുമ്പോഴും എയർഹോണിനെ സംബന്ധിച്ചുള്ള പരിശോധന വിസ്മരിക്കുകയാണ്.

 വാഹനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ശബ്ദ പരിധി

ഇരുചക്രവാഹനങ്ങൾക്ക് 80 ഡെസിബൽ.

പാസഞ്ചർ കാറുകൾക്കും പെട്രോളിൽ പ്രവർത്തിക്കുന്ന മുച്ചക്ര വാഹനങ്ങൾക്കും 82 ഡെസിബൽ.

4000 കിലോയ്ക്ക് താഴെയുള്ള ഡീസൽ, പാസഞ്ചർ അല്ലെങ്കിൽ ലഘു വ്യാവസായിക വാഹനങ്ങൾക്ക് 85 ഡെസിബൽ.

4000- 12000 കിലോയ്ക്ക് ഇടയിൽ ഭാരമുള്ള പാസഞ്ചർ അല്ലെങ്കിൽ വ്യാവസായിക വാഹനങ്ങൾക്ക് 89 ഡെസിബൽ.

നിരന്തരം കേട്ടാൽ കേൾവി തകരാറിലാകും

70 ഡെസിബലിൽ കൂടുതലുള്ള ശബ്ദം കേൾവിക്ക് തകരാർ ഉണ്ടാക്കും. 90 മുതൽ 95 ഡെസിബൽ വരെ ശബ്ദം തുടർച്ചയായി കേട്ടാൽ ചിലപ്പോൾ കേൾവി തകരാറിലാവും. 120 ഡെസിബലിന് മുകളിലാണെങ്കിൽ താത്കാലികമായി ചെവി കേൾക്കാതെയാകും. ഉയർന്ന ഡെസിബൽ ശബ്ദം നിരന്തരം കേട്ടാൽ കേൾവിശക്തി പൂർണമായും നഷ്ടപ്പെടുമെന്നും ആരോഗ്യ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

താലൂക്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വാഹനങ്ങളുടെ ശബ്ദമലിനീകരണം നിയന്ത്രിക്കാൻ പൊലീസും മോട്ടോർ വാഹനവകുപ്പും കർശനമായ നടപടികൾ സ്വീകരിക്കണം.

അഡ്വ. എസ്. കൃഷ്ണകുമാർ,

വോയിസ് ഒഫ് വർക്കല ചെയർമാൻ