khuboo

ചെന്നൈ: കോടമ്പാക്കം പാലത്തിനടുത്തുള്ള വിനായകൻ കോവിലിനു മുന്നിൽ വെള്ള ഫോർച്യൂണർ കാർ വന്നു നിന്നു. ഖുശ്ബു ഇറങ്ങിയതും ബാൻഡ് മേളം ഉച്ചത്തിലായി. ബി.ജെ.പി,​ എ. ഡി.എം.കെ പ്രവർത്തകർ ഖുശ്ബുവിനെ വളഞ്ഞു. നേരെ ക്ഷേത്രത്തിലേക്ക്. പ്രത്യേക പൂജ. പൂജാരി നൽകിയ ഭസ്‌മം ചാർത്തി പുറത്തേക്ക്. പ്രചാരണ വാഹനം റെഡി.

പക്ഷേ,​ ഖുശ്ബു പ്ലാൻ മാറ്റി. നടക്കാം. വിനായകൻ സ്ട്രീറ്റിലേക്ക് നടന്ന ഖുശ്ബുവിന് മുന്നിൽ കൊടി പിടിച്ച് പ്രവർത്തകർ. ഒരു കാലത്ത് മലയാള സിനിമയുടേയും നാടായിരുന്ന കോടമ്പാക്കം ചെന്നൈയിലെ തൗസൻഡ് ലൈറ്റ്സ് (ആയിരം വിളക്ക്) മണ്ഡലത്തിലാണ്. ബി.ജെ.പിക്ക് കാര്യമായ വേരോട്ടമില്ല. അതാണ് ഖുശ്ബു പരമാവധി വോട്ടർമാരെ നേരിട്ടു കാണുന്നത്.

നാലും അഞ്ചു നിലകളുള്ള ഫ്ളാറ്റുകളിൽ കൂടുതലും സാധാരണക്കാർ. ബാൽക്കണിയിൽ നിന്ന പെൺകുട്ടികൾ ഖുശ്ബുവിന്റെ തലയിലേക്ക് പൂക്കൾ വാരിച്ചൊരിഞ്ഞു. ഈ പൂക്കൾ വോട്ടാകണം ഖുശ്ബു നിയമസഭ കാണാൻ.

ഓരോ വീടിനു മുന്നിലും സെൽഫിയെടുക്കാൻ കുട്ടികൾ. ആരേയും നിരാശരാക്കിയില്ല. മുകൾ നിലകളിൽ എല്ലാവരും താഴേക്ക് നോക്കി നിൽക്കുന്നു. അവരെ നോക്കി ''അമ്മാ വണക്കാങ്കേ,​ അക്കാ വണക്കാങ്കേ... താമരൈ മറന്നിടാങ്കെ'' എന്നു പറഞ്ഞ് തൊഴുതു നീങ്ങി. ചിലരൊക്കെ 'കണ്ടിപ്പാ' എന്നു മറുപടിയും പറഞ്ഞു. വഴിയിൽ അച്ഛന്റെ ഒക്കത്ത് ഒരു കുഞ്ഞ്. 'കുഴന്തൈ പേരെന്നാ?​' ''സാധന''. ഖുശ്‌ബു കുട്ടിയെ എടുത്ത് ലാളിച്ചൊരു ഉമ്മ നൽകി. വഴിയിൽ ഒരു മുതിർന്ന പൗരനോട് ചോദിച്ചു,​ ഖുശ്ബു ജയിക്കുമോ?​ ''ഇല്ല.'' പിന്നെ ആര് ജയിക്കും?​ ''ഡി.എം.കെ.'' കോളേജ് കുമാരിയായ ദീപികയോട് ചോദിച്ചു,​ ആർക്കാ വോട്ട്?​ ''ഖുശ്ബുവുക്ക്'' ഡി.എം.കെയുടെ കോട്ടയാണ് തൗസന്റ് ലൈറ്റ്സ്. എങ്കിലും സാക്ഷാൽ എം.കെ.സ്റ്റാലിനു മുന്നിൽ രണ്ടു വട്ടം വിളക്കണച്ച ചരിത്രവും ഉണ്ട്. 84ലെ കന്നിയങ്കത്തിലും 91ലും. കഴിഞ്ഞ തവണ ഒറ്റയ്ക്കു മത്സരിച്ച ബി.ജെ.പി സ്ഥാനാർത്ഥിക്ക് ലഭിച്ചത് 8,516 വോട്ട്. നീറ്റ് പ്രക്ഷോഭങ്ങളുടെ സൂത്രധാരൻ ഡോ. ഏഴിലനെയാണു കോട്ട കാക്കാൻ ഡി.എം.കെ ഏൽപിച്ചിരിക്കുന്നത്. കരുണാനിധിയുടെ സ്വകാര്യ ഡോക്ടറായിരുന്നു ഏഴിലൻ

ഖുശ്ബു കേരളകൗമുദിയോട്

വിജയ പ്രതീക്ഷ എത്രത്തോളം ?​

വോട്ടർമാരിൽ എനിക്ക് വിശ്വസമുണ്ട്. എല്ലാവരും ഉത്സാഹത്തിലാണ്. ഞാൻ തന്നെ വിജയിക്കുമെന്നാണ് എല്ലാവരും പറയുന്നത്.

തമിഴ്നാട്ടിൽ ഭരണം ലഭിക്കുമോ ?​

എ. ‌‌ഡി.എം.കെ- ബി.ജെ.പി സഖ്യത്തിന് മികച്ച വിജയം നേടാൻ കഴിയും. എത്ര സീറ്റ് കിട്ടുമെന്ന് പറയാനാവില്ല.

​ബി.ജെ.പിയിൽ വന്നപ്പോഴാണല്ലോ സീറ്റ് ലഭിച്ചത്

മത്സരിക്കാനുള്ള മോഹവുമായല്ല ബി.ജെ.പിയിൽ ചേർന്നത്. കുടുംബവാഴ്ചയാണ് കോൺഗ്രസിലും ഡി.എം.കെയിലും. വനിതകൾക്ക് കോൺഗ്രസ് പ്രധാന്യം നൽകാറില്ല. രാഹുൽഗാന്ധിയുടെ സ്ത്രീശാക്തീകരണ പ്രസംഗങ്ങൾ പൊള്ളയാണ്.