
തിരുവനന്തപുരം: യേശുദേവന്റെ തിരുവത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ ആചരിക്കും. ക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്റെയും വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും ഓർമ്മ പുതുക്കിയാണ് പെസഹ ആചരണം. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കാൽകഴുകൽ ശുശ്രൂഷയും നടക്കും. വൈകിട്ട് വീടുകളിൽ അപ്പം മുറിക്കൽ ചടങ്ങുമുണ്ടാകും. നാളെയാണ് ദുഃഖവെള്ളി.
കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാകും പെസഹാ ചടങ്ങുകൾ. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന തിരുകർമ്മങ്ങൾക്ക് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നേതൃത്വം നൽകും. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യവും പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയും മുഖ്യകാർമ്മികരാകും.