തിരുവനന്തപുരം: എക്കാലത്തും തിരഞ്ഞെടുപ്പുകളിൽ സജീവസാന്നിദ്ധ്യമായിരുന്ന വി.എസ്. അച്യുതാനന്ദൻ ഇത്തവണ അനാരോഗ്യം കാരണം പോസ്റ്റൽ വോട്ടിന് അപേക്ഷ നൽകി തിരുവനന്തപുരത്തെ വസതിയിൽ കാത്തിരിക്കുന്നു.

വി.എസിന് വോട്ട് ആലപ്പുഴ പുന്നപ്രയിലാണ്. അതിനാൽ പോസ്റ്റൽ ബാലറ്റുമായി പോളിംഗ് ഉദ്യോഗസ്ഥർ വി.എസിന്റെ പുന്നപ്രയിലെ വീട്ടിലെത്തി തിരിച്ചു പോയി. ശാരീരിക അവശതകളാൽ തിരുവനന്തപുരത്താണ് വി.എസ് കഴിയുന്നത്. പുന്നപ്രയിൽ എത്താനാവാത്തതിനാൽ പോസ്റ്റൽ ബാലറ്റ് തിരുവനന്തപുരത്തെ വീട്ടിൽ എത്തിക്കണമെന്ന് കാണിച്ച് വി.എസ് തിരഞ്ഞെടുപ്പ് അധികൃതർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ്.

പോളിംഗ് ഉദ്യോഗസ്ഥർക്ക് വന്നുപോകാനുള്ള സൗകര്യം ഏർപ്പെടുത്താമെന്നും വി.എസ് അപേക്ഷയിൽ പറഞ്ഞിട്ടുണ്ട്. രണ്ടു ദിവസമായി പോളിംഗ് ഉദ്യോഗസ്ഥരെ കാത്തിരിക്കുകയാണെന്ന് മകൻ അരുൺകുമാർ പറഞ്ഞു. യാത്ര ചെയ്യാൻ പറ്റാത്തതിനാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വി.എസിന് വോട്ട് ചെയ്താനായില്ല. പ്രായമായവർക്ക് വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ബാലറ്റ് ഒരുക്കിയതോടെയാണ് വോട്ട് ചെയ്യാൻ വി.എസ് അപേക്ഷ നൽകിയത്. മുൻ തിരഞ്ഞെടുപ്പുകളിൽ മുന്നിൽ നിന്ന് നയിച്ച വി.എസ് ജയിൽ ജീവിതകാലം ഒഴിച്ചാൽ വോട്ട് ചെയ്യാതിരുന്നത് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മാത്രമായിരുന്നു.

അതേസമയം,​ മണ്ഡലത്തിന്റെ അതിർത്തി കടന്ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് തപാൽ വോട്ടു ചെയ്യിക്കാൻ പോകാൻ നിയമപരമായി തടസമുണ്ടെന്നാണ് അറിയുന്നത്. അതൊക്കെ മാറ്റി സമരനായകന് വോട്ട് ചെയ്യാൻ ഉദ്യാേഗസ്ഥർ എത്തുമെന്ന പ്രതീക്ഷയിലാണ് വി.എസിൻെറ കുടുംബം.