kk

പൊലീസിലും കുറ്റവാളികളുണ്ടെന്നുള്ളത് അംഗീകരിക്കപ്പെട്ട യാഥാർത്ഥ്യമാണ്. കൊടും ക്രിമിനലുകൾ പോലുമുണ്ടെന്നു സാക്ഷ്യപ്പെടുത്തിയിട്ടുള്ളത് പൊലീസ് തലപ്പത്തുള്ളവർ തന്നെയാണ്. നിയമപാലകരെന്ന മേൽവിലാസമുള്ളതുകൊണ്ടു ഇത്തരക്കാരെക്കുറിച്ചുള്ള വിവരങ്ങൾ അധികം പുറത്തുവരാറില്ലെന്നേയുള്ളൂ. എന്നിരുന്നാലും പൊലീസുകാർ ഉൾപ്പെട്ട കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുമ്പോഴോ വിവരാവകാശ രേഖകൾ കൈമറിഞ്ഞെത്തുമ്പോഴോ ഇടയ്ക്കിടെ മാലോകരെ ഞെട്ടിച്ചുകൊണ്ട് പൊലീസിലെ ക്രിമിനലുകളെക്കുറിച്ചും അറിയാറുണ്ട്. പൊലീസ് കേന്ദ്രങ്ങളിൽ നിന്ന് അതൊന്നും നേരിട്ടു പുറത്തുവരാറില്ലെന്നേയുള്ളൂ.

ഇപ്പോൾ ഇതു പറയാൻ കാരണം കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം അപേക്ഷകനു നൽകാൻ വിസമ്മതിക്കരുതെന്നു കാണിച്ച് ഹൈക്കോടതി പൊലീസ് മേധാവിക്കു നൽകിയ ഉത്തരവു ശ്രദ്ധയിൽപ്പെട്ടതാണ്. അഴിമതി, അധികാര ദുർവിനിയോഗം, കസ്റ്റഡി പീഡനങ്ങൾ, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഓരോ വർഷവും പൊലീസുകാർക്കെതിരെ കേസുകൾ ഉണ്ടാകാറുണ്ട്. ഇത്തരം കേസുകളിൽ ഇടയ്ക്കിടെ ശിക്ഷയും പതിവാണ്. ശിക്ഷിക്കപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ പോലും മറച്ചുവയ്ക്കുന്ന പ്രവണതയാണ് പൊതുവേ കാണുന്നത്. പെരുമാറ്റദൂഷ്യം, മനുഷ്യാവകാശലംഘനം, ഗുരുതരമായ ക്രിമിനൽ സംഭവങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് സർവീസിൽ നിന്ന് പുറത്താക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ പോലും ഔദ്യോഗികമായി പൊലീസ് പുറത്തുവിടാറില്ല. വിവരാവകാശ നിയമമനുസരിച്ച് ആരെങ്കിലും സമീപിച്ചാലും പ്രതികരണമുണ്ടാവില്ല. പൊലീസല്ലേ ഏറ്റുമുട്ടാൻ ആരും തയ്യാറാവുകയുമില്ല. ഏതായാലും പൊലീസിന്റെ ഈ ധാർഷ്ട്യത്തിനാണ് സുപ്രധാന ഉത്തരവിലൂടെ ബഹുമാനപ്പെട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം അറുതിവരുത്തിയത്. ഗുരുതരമായ കേസുകളിൽ ശിക്ഷിക്കപ്പെടുകയോ സർവീസിൽ നിന്നു പുറത്താക്കുകയോ ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ ആരൊക്കെയാണെന്ന് പൊലീസ് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നാണു നിർദ്ദേശം. അന്വേഷണം നടക്കുന്ന കേസുകളിൽ വിവരങ്ങൾ നൽകേണ്ടതില്ല.

ചെറിയൊരു കുറ്റകൃത്യത്തിലുൾപ്പെട്ടവരുടെ പേരുവിവരം പോലും പരസ്യപ്പെടുത്താൻ മടികാണിക്കാത്ത പൊലീസ് 'സ്വന്ത"ക്കാരുടെ കാര്യം വരുമ്പോൾ ശാഠ്യബുദ്ധി കാണിക്കുകയാണു പതിവ്. പൊലീസുകാർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ പുറത്തറിയരുതെന്നു അവർക്കു നിർബന്ധമാണ്. സഹപ്രവർത്തകർ കേസുകളിലുൾപ്പെട്ടാൽ അവരെ സഹായിക്കാൻ എന്തും ചെയ്യും. തെളിവുകൾ അട്ടിമറിക്കും. ഒന്നിച്ചുനിന്ന് നിയമ പോരാട്ടം നടത്തും. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സാധാരണ പൗരന്മാർക്കില്ലാത്ത ഒരുവിധ നിയമ പരിരക്ഷയും പൊലീസുകാർക്കില്ലെന്നിരിക്കെ ശിക്ഷിക്കപ്പെടുന്ന പൊലീസുകാരുടെ വിവരങ്ങൾ നൽകാൻ മടിക്കേണ്ട കാര്യമില്ല. പൊലീസിലെ കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾ അറിയുക തന്നെ വേണം. അത് ജനങ്ങളുടെ അവകാശവുമാണ്. നിയമപാലകരായതുകൊണ്ടു മാത്രം ആരും നിയമത്തിന് അതീതരാകുന്നില്ല. പൊലീസ് സേനയിലെ ക്രിമിനലുകളെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിലൂടെ ഒരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ല. മറിച്ച് ഇത്തരക്കാരെ തുറന്നുകാട്ടുമ്പോഴാണ് മറ്റുള്ളവർക്ക് അത് സന്ദേശവും പാഠവുമാവുക. വിവരാവകാശ നിയമം ജനങ്ങൾ കൂടുതലായി പ്രയോജനപ്പെടുത്താൻ തുടങ്ങിയതോടെ സർക്കാർ ഗോപ്യമായി വയ്ക്കാറുള്ള പലതിലേക്കും ഇന്നു കടന്നുചെല്ലാൻ കഴിയുന്നുണ്ട്. പൊലീസിലെ ക്രിമിനലുകളെ സംബന്ധിക്കുന്ന വിവരങ്ങൾ പുറത്തായാൽ അത് പൊലീസിന്റെ ആത്മവീര്യം തകരുമെന്നു വാദിക്കുന്നവർ സേനാതലപ്പത്തുണ്ടാകും. അത്തരം വാദങ്ങൾ നിയമത്തിനു നിരക്കുന്നതല്ലെന്നാണ് ഹൈക്കോടതി ഉത്തരവിലൂടെ തെളിയുന്നത്.