ramesh-chennithala-3

ഹരിപ്പാട് മണ്ഡലത്തിലെ ജനങ്ങൾ ഒരിക്കലും തന്നെ കൈവിടില്ലെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് നാലാം തവണയും അങ്കത്തിനിറങ്ങുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണ്ഡലത്തിലെ തിരഞ്ഞെടുപ്പു കാറ്റിന്റെ താളവും അദ്ദേഹത്തിന്റെ വിശ്വാസം ശരിവയ്ക്കുന്നു. ഓരോ പഞ്ചായത്തിലെയും ആൾക്കാരെ അടുത്തറിയാമെന്നതാണ് ചെന്നിത്തലയുടെ പ്ളസ് പോയിന്റ്. എവിടെച്ചെന്നാലും എല്ലാവരെയും പേരെടുത്തു വിളിക്കാനുള്ള അടുപ്പം അദ്ദേഹത്തിനുണ്ട്. കേരളകൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ ശുഭപ്രതീക്ഷയിലാണെന്നും നിശ്ചയമായും കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്നും അദ്ദേഹം തറപ്പിച്ചു പറയുന്നു.

?ഹരിപ്പാട് നിന്ന് മാറുമെന്ന് കേട്ടിരുന്നല്ലോ

ഞാനും ഹരിപ്പാട്ടെ ജനങ്ങളും തമ്മിൽ മുപ്പത് വർഷത്തിലേറെയായുള്ള ബന്ധമുണ്ട്. ഹരിപ്പാട് എനിക്ക് അമ്മയെപ്പോലെയാണ്. ഹരിപ്പാടിന്റെ വികസനത്തിന് കഴിയാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. യു.ഡി.എഫ് വന്നാൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും. അതുകൊണ്ടാണ് അവർ എന്നെ വാത്സല്യത്തോടെ ചേർത്തു പിടിക്കുന്നത്.


?എടുത്തു പറയാവുന്ന വികസന പ്രവർത്തനങ്ങൾ

ധാരാളം വികസന കാര്യങ്ങൾ ചെയ്തിട്ടുണ്ട്. മണ്ഡലത്തിലൂടെ ഒന്നു നടന്നാൽ അത് ബോദ്ധ്യമാവും. കടൽഭിത്തി നിർമ്മാണമാണ് പ്രധാനം. മത്സ്യത്തൊഴിലാളികൾ,കയർ,കർഷക തൊഴിലാളികൾ ഇവർക്കൊക്കെ വേണ്ടിയാണ് ഞാൻ നിലകൊണ്ടിട്ടുള്ളത്. അതിനിയും തുടരും.


? സ്ഥാനാർത്ഥി നിർണയ വിവാദങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ
ഇല്ല. എല്ലാ പ്രശ്നങ്ങളും തീർന്നു. ഇത്തരം വിഷയങ്ങൾ സി.പി.എമ്മിലും സി.പി.ഐയിലും ഉണ്ടായിട്ടില്ലേ. യു.ഡി.എഫ് ഭരണം വരും. കഴിഞ്ഞ അഞ്ചു കൊല്ലത്തെ ഭരണം ജനങ്ങൾക്ക് മടുത്തു. ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു. അതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പിൽ കാണുക.


? സർക്കാരിനെതിരെ കൊണ്ടുവന്ന അഴിമതിയാരോപണങ്ങൾ ഗുണം ചെയ്യുമോ
ഇത്രയും വലിയ അഴിമതിയും കൊള്ളയും നടത്തിയ മറ്റൊരു സർക്കാരില്ല. ഇതെല്ലാം വിലയിരുത്തിയാവും ജനങ്ങൾ ബൂത്തിലേക്ക് പോവുക. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമില്ലായിരുന്നു. അസംബ്ളി തിരഞ്ഞടുപ്പിൽ ജനങ്ങൾ രാഷ്ട്രീയമായി കാര്യങ്ങൾ വിലയിരുത്തിയാണ് വോട്ട് ചെയ്യുന്നത്.


?പ്രചാരണത്തിൽ ഇതെല്ലാം ഹൈലൈറ്റ് ചെയ്യുമോ
തീർച്ചയായും.ഏകാധിപത്യ ഭരണമാണ് കേരളത്തിൽ നടക്കുന്നത്. സർക്കാരിലും പാർട്ടിക്കുള്ളിലും ഏകാധിപത്യമാണ്. എല്ലാ ഏകാധിപതികളെയും ജനങ്ങൾ നേരിട്ടിട്ടുണ്ട്. ഇക്കുറിയും അതുണ്ടാവും.


?എൻ.ഡി.എയുടെ സാന്നിദ്ധ്യം
എൻ.ഡി.എയ്‌ക്കൊന്നും ഇവിടെയൊരു സാദ്ധ്യതയുമില്ല. ഒരു സീറ്റിലും അവർ ജയിക്കില്ല. നേമത്ത് മുരളീധരൻ ജയിക്കും.

?കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ വരവ്

കഴക്കൂട്ടത്ത് അവർ ജയിക്കില്ല. ഡോ.എസ്.എസ്.ലാൽ എന്ന അന്താരാഷ്ട്ര പ്രശസ്തിയുള്ള വ്യക്തിയെയാണ് അവിടെ യു.ഡി.എഫ് നിറുത്തിയിട്ടുള്ളത്. അദ്ദേഹത്തിന് വലിയ ജയസാദ്ധ്യതയുണ്ട്.

? മുഖ്യമന്ത്രി ആരാവും

അതെല്ലാം പാർട്ടി തീരുമാനിക്കും. ജയിക്കുകയെന്നതാണ് ഇപ്പോഴത്തെ വിഷയം. യു.ഡി.എഫിനിത് ലാസ്റ്റ് ബസാണ്. ഇപ്പോൾ ഗ്രൂപ്പ് തർക്കമില്ല. എല്ലാവരും ഒരുമിച്ചാണ്. കോൺഗ്രസിന്റെ ചരിത്രത്തിൽ ഇതുപോലൊരു സ്ഥാനാർത്ഥി ലിസ്റ്രുണ്ടായിട്ടില്ല. 55 ശതമാനവും ചെറുപ്പക്കാരാണ്. പിന്നാക്കക്കാരുടെ പ്രാതിനിദ്ധ്യക്കുറവിനെക്കുറിച്ച് 'കേരളകൗമുദി' എഴുതിയിരുന്നല്ലോ. ഇക്കുറി പിന്നാക്കക്കാർക്ക് നല്ല പിന്തുണ കൊടുത്തിട്ടുണ്ട്.

?ലതികാസുഭാഷന്റെ പ്രശ്നം

എല്ലാവർക്കും സീറ്റ് കൊടുക്കാനാവില്ല. കഴിഞ്ഞതവണ അവരുടെ ഭർത്താവിന് സീറ്റു കൊടുത്തിരുന്നു. അവർക്ക് ഏറ്റുമാനൂർ മാത്രം മതിയെന്നാണ് പറഞ്ഞത്. വർഷങ്ങളായി കേരള കോൺഗ്രസിന് കൊടുക്കുന്ന സീറ്റാണ്. അവർ വിട്ടുതന്നില്ല. അതുകൊണ്ടാണ് ലതികയ്ക്ക് കടുക്കാൻ കഴിയാതെവന്നത്. പക്ഷേ ലതിക ചെയ്തത് ശരിയാണോ. അത് അടഞ്ഞ അദ്ധ്യായമാണ്.

? കെ.സുധാകരൻ അസ്വസ്ഥനായിരുന്നല്ലോ
ഇല്ല,അദ്ദേഹവുമായി സംസാരിച്ചിരുന്നു. പ്രചാരണരംഗത്ത് അദ്ദേഹം സജീവമാണ്. ഫലം വരുമ്പോൾ യു.ഡി.എഫ് നല്ല വിജയം നേടും.