murali

വെഞ്ഞാറമൂട്:തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ നാടിളക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് വാമനപുരം മണ്ഡലത്തിൽ മൂന്ന് മുന്നണികളും കാഴ്ചവയ്ക്കുന്നത്.കഴിഞ്ഞ ദിവസം മലയോര പ്രദേശങ്ങളിലാണ് പ്രചാരണം നടത്തിയത്.കർഷകരെയും കർഷക തൊഴിലാളികളെയും,ആദിവാസി ഊരുകളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. വാഹനപര്യടന പ്രചാരണമാണെങ്കിലും സ്ഥാനാർത്ഥികൾ നിരത്തിൽ ഇറങ്ങി വോട്ടു പിടിക്കുന്ന കാഴ്ചയാണുണ്ടായിരുന്നത്.പൊള്ളുന്ന വെയിലിൽ സ്വീകരണ സ്ഥലങ്ങളിലെല്ലാം സ്ഥാനാർത്ഥികൾക്ക് ,നാരങ്ങാനീരും,തണ്ണിമത്തനുമൊക്കെയായി പ്രവർത്തകർ കാത്തുനിന്നു. പരമാവധി വോട്ടർമാരെ കണ്ട് വോട്ട് അഭ്യർത്ഥിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ.പര്യടനസ്ഥലങ്ങളിലെല്ലാം മഴയും വെയിലും വകവയ്ക്കാതെ ജനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്.കുട്ടികളെ ലാളിച്ചും, വയസായവരെ ചേർത്തു പിടിച്ചും,ആൾക്കൂട്ടത്തിൽ കൈ വീശിയും വർദ്ധിച്ച ആത്മ വിശ്വാസത്തിലാണ് സ്ഥാനാർത്ഥികൾ.എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡി.കെ. മുരളി കഴിഞ്ഞ ദിവസം പനവൂർ പുല്ലമ്പാറ പഞ്ചായത്തുകളിൽ വോട്ട് അഭ്യർത്ഥിച്ചെത്തി. നാഗരുകുഴി,പന്തപ്ലാവിൽ കോണം, അമ്പലംമുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തി. ഇന്ന് ആനാട് പഞ്ചായത്തിൽ പര്യടനം നടത്തും.യു.ഡി.എഫ് സ്ഥാനാർത്ഥി ആനാട് ജയൻ ചൊവ്വാഴ്ച പ്രിയങ്കാഗാന്ധി വന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിച്ചതിന്റെ ആവേശത്തിലായിരുന്നു കഴിഞ്ഞ ദിവസം പുല്ലമ്പാറ പഞ്ചായത്തിൽ പര്യടനത്തിനെത്തിയത്.പുല്ലമ്പാറയിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി.എൻ.ഡി.എ സ്ഥാനാർത്ഥി തഴവ സഹദേവൻ കഴിഞ്ഞ ദിവസം പാങ്ങോട്ട് ,പെരിങ്ങമ്മല പ്രദേശങ്ങളിലെ പ്രമുഖരെ കണ്ടു. ഇന്ന് ബി.ഡി.ജെ.എസ്, എസ്.എൻ.ഡി.പി നേതാക്കളെയും, മത നേതാക്കളെയും കാണും.

ആറ്റിങ്ങൽ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലായതോടെ സ്ഥാനാർത്ഥികൾക്ക് നെഞ്ചിടിപ്പ് കൂടി.ചുവപ്പണിഞ്ഞ യുവാക്കൾ അകമ്പടിയായി, വാദ്യമേളങ്ങളും, കലാജാഥകളുമായാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഒ.എസ്. അംബിക സ്വീകരണ സ്ഥലങ്ങളിൽ എത്തുന്നത്.കഴിഞ്ഞ ദിവസം പഴയകുന്നുമ്മൽ പഞ്ചായത്തിൽ ചാരുപാറ, ഇരട്ടച്ചിറ, മഞ്ഞപ്പാറ, തട്ടത്തുമല, പാപ്പാല, ചെമ്പകശേരി, അടയമൺ, തൊളിക്കുഴി പ്രദേശങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി. കോളനികളും പിന്നോക്ക മേഖലയും ലക്ഷ്യമാക്കി വാഹന പര്യടനത്തിനപ്പുറം ജനങ്ങളെ നേരിട്ട് കണ്ടെത്തി വോട്ട് അഭ്യർത്ഥിക്കുകയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി എ.ശ്രീധരൻ.സ്ഥാനാർത്ഥി കഴിഞ്ഞ ദിവസം പുളിമാത്ത് പഞ്ചായത്തിൽ കാട്ടുംപുറം, പുളിമാത്ത്, പൊരു ന്തമൺ, കരേറ്റ്, പോറ്റിമുക്ക്, പേടികുളം മേഖലകളിൽ പര്യടനം നടത്തി.എൻ.ഡി.എ സ്ഥാനാർത്ഥി പി.സുധീറിന്റെ റോഡ് ഷോ കഴിഞ്ഞ ദിവസം പഴയകുന്നുമ്മൽ പഞ്ചായത്തിൽ നടന്നു.കുന്നുമ്മൽ, പാപ്പാല, തട്ടത്തുമല, പറണ്ടക്കുഴി എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി.