
തിരുവനന്തപുരം: മുന്നറിയിപ്പ് നൽകാതെ മധുര ഡിവിഷനിലെ ദിണ്ഡിഗലിനും മണിയാച്ചിക്കുമിടയിൽ ഡബ്‌ളിംഗ് ജോലികൾ തുടങ്ങിയതോടെ പല ട്രെയിനുകളും വഴിതിരിച്ചുവിട്ടു. നാഗർകോവിൽ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള ട്രെയിനുകളാണ് വഴിതിരിച്ചുവിട്ടത്. എന്നാൽ മുന്നറിയിപ്പില്ലാതെ ട്രെയിൻ തിരിച്ചുവിട്ടതിൽ യാത്രക്കാർ പ്രതിഷേധിച്ചതോടെ ദിണ്ഡിഗൽ, മധുര, മണിയാച്ചി, വിരുദുനഗർ, തിരുനെൽവേലി എന്നിവിടങ്ങളിൽ ടിക്കറ്റ് റദ്ദാക്കുന്നവർക്ക് ഉടനടി പണം തിരിച്ചുകൊടുക്കാൻ സംവിധാനമൊരുക്കി. യാത്രമുടങ്ങിയവർക്ക് കുടിവെള്ളവും കാന്റീൻ സൗകര്യവും ഒരുക്കി.
ഇന്നലെ തിരുവനന്തപുരത്തുനിന്നും പുറപ്പെടേണ്ടിയിരുന്ന തിരുച്ചിറപ്പള്ളി ഇന്റർസിറ്റി സ്പെഷ്യലും മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ചെന്നൈ - കൊല്ലം, ബാംഗ്ളൂർ - നാഗർകോവിൽ, നിസാമുദ്ദീൻ - കന്യാകുമാരി എന്നിവയും കൊല്ലത്തുനിന്നുള്ള ചെന്നൈ എക്സ് പ്രസ്, കന്യാകുമാരി - ചെന്നൈ, നാഗർകോവിൽ -ബാംഗ്ളൂർ ട്രെയിനുകളും പുറപ്പെടാൻ വൈകി.