mar31c

ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ. എച്ച്.എസിന് സമീപം അമ്മൻകോവിൽ ഇടവഴിയിൽ കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം ഒഴുക്കി. തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. വിവരം അറി‍ഞ്ഞെത്തിയ വാർഡ് കൗൺസിലർ ആർ.എസ്. അനൂപിന്റെ നേതൃത്വത്തിൽ സമീപത്തെ സുരക്ഷ കാമറ പരിശോധിച്ച് വാഹനത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് കൈമാറി. ചെയർപേഴ്സൺ അഡ്വ. എസ്. കുമാരിയുടെ നിർദ്ദേശപ്രകാരം നഗരസഭ ആരോഗ്യവിഭാഗം റോഡും ഓടയും പരിസരവും അണുവിമുക്തമാക്കി.

രണ്ട് പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന ഇടറോഡിലാണ് മാലിന്യം ഒഴുക്കിയത്. ഈ പ്രദേശത്ത് അമ്പതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അവനവഞ്ചേരി ഗവ. ഹൈസ്കൂൾ, സ്വകാര്യ ട്യൂഷൻ സെന്ററുകൾ, ക്ഷേത്രങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്.
മുൻപ് ഇവിടെ മാലിന്യം ഒഴുക്കൽ പതിവായിരുന്നു. എന്നാൽ നാട്ടുകാരുടെ നേതൃത്വത്തിൽ സംഘടിച്ച് രാപ്പകൽ കാവൽ കമ്മിറ്റി പ്രവർത്തിച്ചാണ് ഇതിന് അറുതിവരുത്തിയത്.
പൊലീസിന്റെയും നഗരസഭയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ അവനവഞ്ചേരി പ്രദേശത്ത് വീണ്ടും കാവൽ കമ്മിറ്റികൾ രൂപീകരിക്കുമെന്ന് വാർഡ് കൗൺസിലറും ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റുമായ ആർ.എസ്. അനൂപ് പറഞ്ഞു.