തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസിനു മുകളിലുള്ള എല്ലാവർക്കും ഇന്നുമുതൽ കൊവിഡ് വാക്‌സിൻ നൽകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഓൺലൈൻ മുഖേനയും ആശുപത്രിയിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്തും വാക്‌സിൻ സ്വീകരിക്കാം. തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ രജിസ്റ്റർ ചെയ്ത് വാക്‌സിനെടുക്കുന്നതാണ് ഉചിതം. www.cowin.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം.
45 നു മുകളിൽ പ്രായമുള്ളവർക്ക് 45 ദിവസം കൊണ്ട് വാക്‌സിനേഷൻ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും. കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികൾ, സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വാക്‌സിനേഷൻ ലഭ്യമാണ്.
സംസ്ഥാനത്ത് 9,51,500 ഡോസ് വാക്‌സിനും കൂടി എത്തും. തിരുവനന്തപുരത്ത് 4,40,500 ഡോസും എറണാകുളത്ത് 5,11,000 ഡോസും എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. അടുത്ത ദിവസങ്ങളിൽ കോഴിക്കോട്ടും വാക്‌സിൻ എത്തും.
ഇതുവരെ 35 ലക്ഷം
സംസ്ഥാനത്ത് ഇതുവരെ 35,01,495 ഡോസ് വാക്‌സിനാണ് നല്‍കിയത്. ആരോഗ്യ പ്രവർത്തകരിൽ 4,84,411 ആദ്യഡോസ് വാക്‌സിനും 3,15,226 രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. കൊവിഡ് മുന്നണിപ്പോരാളികളിൽ 1,09,670 പേർ ആദ്യ ഡോസും 69230 പേർ രണ്ടാം ഡോസും സ്വീകരിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ 3,22,548 പേർ ആദ്യ ഡോസും 12,123 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 60നു മുകളിൽ പ്രായമുള്ളവർ, 45 നും 59 നും ഇടയിൽ പ്രായമുള്ള രോഗബാധിതർ എന്നിവരിൽപ്പെട്ട 21,88,287 പേർ ആദ്യ ഡോസ് സ്വീകരിച്ചു.