election

അനന്തരം തന്റെ കന്നിയങ്കത്തിനിറങ്ങുന്ന സ്ഥാനാർത്ഥി പാർട്ടിനേതാവിനെ തൊഴുതുവണങ്ങി ദയനീയമായി ഇപ്രകാരം ഉവായ (പറഞ്ഞു)."നേതാവേ എന്റെ കൈവിറയ്ക്കുന്നു. കാലുകൾ തളരുന്നു. പ്രകടനപത്രികയിൽ നമ്മൾകൊടുത്ത വാഗ്‌ദാനങ്ങൾ പലതും പാലിക്കാൻ സാധിക്കുകയില്ലെന്ന് നമുക്ക് തന്നെ അറിയാം. യഥാർത്ഥത്തിൽ ഞാൻ കള്ളം പറഞ്ഞല്ലേ വോട്ട് ചോദിക്കേണ്ടത്. വോട്ടർമാരിൽ ഞാൻ അമ്മമാരെ കാണുന്നു, പിതാക്കന്മാരെ കാണുന്നു, ഗുരുക്കന്മാരെ കാണുന്നു. അവരോടൊക്കെ ഞാൻ കള്ളം പറയുക എന്നുവച്ചാൽ... ഒന്നാന്തരം പറ്റിക്കലല്ലേ. വേണ്ട. കള്ളംപറഞ്ഞ് എനിക്ക് എം.എൽ.എയും മന്ത്രിയും ഒന്നും ആകേണ്ട. ഞാൻ എന്റെ നാമനിർദ്ദേശപത്രിക പിൻവലിക്കാൻ പോവുകയാണ്."

ഇതും പറഞ്ഞ് ഇതികർത്തവ്യഥാമൂഢനായി നിന്ന ശിഷ്യനെനോക്കി ഒന്ന് മന്ദഹസിച്ച ശേഷം നിരവധി തിരഞ്ഞെടുപ്പുകൾ ജയിക്കുകയും തോൽക്കുകയും ചെയ്ത പാർട്ടി സാരഥി ഇപ്രകാരം പറഞ്ഞു.

"അല്ലയോ ശിഷ്യാ കള്ളമെന്നതും സത്യമെന്നതും വെറും തോന്നൽ മാത്രമാകുന്നു. ആത്മാവ് ഒരു ശരീരമുപേക്ഷിച്ച് മറ്റൊരു ശരീരം സ്വീകരിക്കുന്നതെപ്രകാരമാണോ അപ്രകാരം നമ്മൾ ഒാരോ ഇലക്‌ഷനും പ്രകടനപത്രിക പുതിക്കിക്കൊണ്ടിരിക്കും."

"എന്നാലും നേതാവേ, വോട്ടറോട് ഞാൻ വീടിന്റെ മുറ്റത്ത് വിമാനത്താവളം തരാം, അഞ്ചുരൂപയ്ക്ക് പെട്രോൾ തരാം, പതിനായിരം രൂപ പെൻഷൻ തരാം എന്നൊക്കെ വാക്കുകൊടുത്തിട്ട് പാലിക്കാതിരുന്നാൽ അടുത്ത ഇലക്ഷന് വോട്ട് ചോദിച്ചുപോകുമ്പോൾ വോട്ടർമാരെന്നെ ശരിയാക്കില്ലേ?"

"ഇല്ല... കാരണം നമ്മൾ രാഷ്ട്രീയക്കാരേക്കാൾ കേമന്മാരാണ് വോട്ടർമാരും എന്നറിയുക. വോട്ടർ ഭാര്യയുടെ തലയിൽ തൊട്ടുപറയും "കമലാക്ഷീ നിന്നാണെ സത്യം. ഇന്നത്തോടെ ഞാൻ കുടി നിറുത്തി." "അന്നമ്മേ നീ കൈയിലെ വള ഉൗരിത്താ. പണയംവച്ചിട്ട് അടുത്തമാസം തിരിച്ചെടുത്തുതരാം" തുടങ്ങി പാലിക്കാത്ത എന്തുമാത്രം ഉറപ്പുകളാണ് അവർ വീടുകളിൽ കൊടുക്കുന്നതെന്നോ. അവർക്കറിയാം പറയുന്നതെല്ലാം പ്രവർത്തിക്കാൻ പറ്റില്ലെന്ന്... അതുകൊണ്ട് അതോർത്തു ടെൻഷനടിക്കണ്ട."

"പക്ഷേ നേതാവേ പരിചയമില്ലാത്ത ആൾക്കാരെ കെട്ടിപ്പിടിച്ച് "ഹാ റഹീമേ എത്രനാളായി കണ്ടിട്ട്... മാലതിച്ചേച്ചീ അച്ഛന് സുഖമാണോ എന്നൊക്കെ ചോദിക്കുന്നതിൽ ആത്മാർത്ഥത കുറവില്ലേ. ഒരു മനസാക്ഷിക്കുത്ത് വരില്ലേ."

"ഒരിക്കലുമില്ല. കാരണം വോട്ടർ അതേ മനസാക്ഷി ഇല്ലായ്മയാണ് ഇങ്ങോട്ടും കാണിക്കുന്നത്. നിന്നെക്കാണുമ്പോൾ പറയും അച്ഛനാണെ ചേട്ടന് തന്നെയാണ് വോട്ടെന്ന്. നീ ഇറങ്ങി അടുത്ത സ്ഥാനാർത്ഥി ചെല്ലുമ്പോൾ അവരെയും കെട്ടിപ്പിടിച്ച് പറയും. " ഹ! വോട്ട് ചോദിക്കാനായിട്ട് ഇങ്ങോട്ടു വരണമായിരുന്നോ. ഞങ്ങടെ വോട്ടൊക്കെ അങ്ങോട്ടു തന്നെയല്ലേ." എന്റെ അനിയാ ഇക്കാര്യത്തിൽ നമ്മളെക്കാൾ നല്ല നടന്മാരാണ് വോട്ടർമാർ."

"ഇലക്ഷൻ സമയത്ത് നമ്മൾ നിരന്തരം വോട്ടറുടെ വീട്ടിൽ കയറിയിറങ്ങും. ജയിച്ചുകഴിഞ്ഞാൽ പിന്നീട് അത് സാധിക്കില്ല. അതിൽ ആക്ഷേപം വരില്ലേ?"

"ഇല്ല. പി.എസ്.സി പരീക്ഷ ജയിച്ച് ജോലി കിട്ടുന്നതുവരെ ഭയങ്കര സാമൂഹികപ്രതിബദ്ധത പറയുന്ന വോട്ടർമാരിൽ പലരും ജോലി കിട്ടിക്കഴിഞ്ഞാൽ കൃത്യമായി ഒാഫീസിൽ വരാറില്ലല്ലോ. അത്രയൊക്കെ ഉള്ളൂ."

"അപ്പോൾ ആകെ മൊത്തം പറഞ്ഞുവരുമ്പോൾ നമ്മൾ വോട്ടർമാരെയും വോട്ടർ നമ്മളെയും ഏപ്രിൽ ഫൂളാക്കുന്നു എന്നാണോ".

"പൂർണമായും അങ്ങനെയല്ലെങ്കിലും വേണമെങ്കിൽ അങ്ങനെയും പറയാം. നമ്മളിൽ വോട്ടർമാരും വോട്ടർമാരിൽ നമ്മളും ഉണ്ടെന്ന് കരുതിയാൽ മതി. വോട്ടിനുവേണ്ടി നമ്മൾ അവരുടെ കാലുപിടിക്കും. ഒാരോകാര്യം സാധിക്കാൻ അവർ നമ്മുടെ കാലുപിടിക്കും. സീറ്റിനുവേണ്ടി നമ്മൾ ബഹളമുണ്ടാക്കും. സ്ത്രീധനത്തുക കിട്ടാനും അരയിഞ്ചു ഭൂമിക്കും വേണ്ടി അവർ സ്വന്തം കുടുംബങ്ങളിൽ കലാപമുണ്ടാക്കും..."ഇതൊക്കെ കേട്ടപാടെ യുവസ്ഥാനാർത്ഥി ആവേശഭരിതനായി എണീറ്റു. "മതി നേതാവേ മതി " എന്റെ കുറ്റബോധം മുഴുവൻ മാറി. എന്നാൽ ഞാനിറങ്ങട്ടെ."