
കിളിമാനൂർ: അന്തർ സംസ്ഥാന മോഷണ സംഘം പിടിയിൽ. സ്ത്രീകളുടെ മാലപൊട്ടിക്കൽ, വാഹനമോഷണം, പിടിച്ചുപറി ഉൾപ്പെടെ കേരളത്തിലെയും തമിഴ്നാട്ടിലെയും നിരവധി കേസുകളിലെ പ്രതികളായ പാരിപ്പള്ളി കുളമട മിഥുൻ ഭവനിൽ മിഥുൻ(24), കൊല്ലം ഉമയനല്ലൂർ ഷിബിനാമൻസിലിൽ ഹാരിസ് എന്ന് വിളിക്കുന്ന ഷാനവാസ് (23), പാരിപ്പള്ളി ജവഹർ ജംഗ്ഷനിൽ തിരുവാതിരയിൽ വിഷ്ണു (23) എന്നിവരാണ് പിടിയിലായത്. കിളിമാനൂർ പൊലീസും റൂറൽ ഷാഡോ, ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഗുണ്ടാവിരുദ്ധ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള മിഥുനെതിരെ കൊല്ലം ജില്ലയിലെ പൊലീസ് സ്‌റ്റേഷനുകളിൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച വാറണ്ട് നിലവിലുണ്ട്.
മോഷ്ടിക്കുന്നതും സുഹൃത്തുക്കളിൽ നിന്ന് വാടകയ്ക്ക് എടുക്കുന്നതുമായ ബൈക്കുകൾ ഉപയോഗിച്ചാണ് സംഘം മാല മോഷണം നടത്തിയിരുന്നത്. ഇവർ മോഷ്ടിച്ച മൂന്ന് ബൈക്കുകളും മാല പൊട്ടിക്കാൻ ഉപയോഗിച്ച മറ്റ് രണ്ട് ബൈക്കുകളും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം കിളിമാനൂർ മലയാമത്ത് ടൂവീലറിൽ യാത്ര ചെയ്തിരുന്ന സ്ത്രീയെ തള്ളിയിട്ട് അവരുടെ അഞ്ച് പവൻ താലിമാല കവർന്ന കേസിലാണ് പ്രതികൾ ഇപ്പോൾ പിടിയിലായത്. പണയം വച്ചിരുന്ന മോഷണമുതലും അന്വേഷണ സംഘം കണ്ടെടുത്തു.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് പി.കെ. മധുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഹരി സി.എസ്, കിളിമാനൂർ പൊലീസ് ഇൻസ്പെക്ടർ എസ്. സനൂജ്, കിളിമാനൂർ സബ് ഇൻസ്പെക്ടർ ജയേഷ് ടി.ജെ , ജി.എസ്.ഐ സുരേഷ്, എ.എസ്.ഐ ഷജീം, റിയാസ്, സുജിത്, ഷാഡോ ഡാൻസാഫ് ടീമിലെ എസ്.ഐ എം. ഫിറോസ്ഖാൻ, എ.എച്ച് ബിജു, എ.എസ്.ഐ ബി.ദിലീപ്, അർ.ബിജുകുമാർ, സി.പി.ഒമാരായ എ.എസ്.അനൂപ്, എസ്.ഷിജു, സുനിൽ രാജ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.