vottu-abhyardhikkunnu

കല്ലമ്പലം: സ്വീകരണത്തിന്റെ ഒടുവിലത്തെ ദിവസങ്ങളിൽ അണമുറിയാത്ത ആവേശവുമായി സ്ഥാനാർത്ഥികളും പ്രവർത്തകരും നേർക്കുനേർ പോരാട്ടത്തിൽ.നേരത്തെ സ്വീകരണം ഏറ്റുവാങ്ങിയ പഞ്ചായത്തുകളിൽ വിട്ടുപോയ സ്ഥലങ്ങൾ തെരഞ്ഞുപിടിച്ച് സ്ഥാനാർത്ഥിയുടെ സാന്നിദ്ധ്യത്തിലാണ് പ്രചാരണം കൊഴുപ്പിക്കുന്നത്.എതിരാളികൾ ഒരേ സ്ഥലത്ത് സ്വീകരണത്തിനും പ്രചാരണത്തിനും എത്തുന്നത് താഴേത്തട്ടിലെ പ്രവർത്തകരിൽ ആവേശത്തിന്റെ അലകടൽ തീർക്കുകയാണ്. ഉച്ചഭാഷിണികളുടെ ഇടമുറിയാത്ത പ്രവാഹവും ബൈക്ക് റാലികളും വീട്ടുമുറ്റങ്ങളിലെ കുടുംബ യോഗങ്ങളുമായി നാടെങ്ങും തിരഞ്ഞെടുപ്പ് ഉത്സവത്തിന്റെ ആരവത്തിലാണ്. മിക്ക സ്ഥാനാർത്ഥികളുടെയും പര്യടനം നാളെയും മറ്റന്നാളുമായി സമാപിക്കും.

വി.ജോയിയുടെ വാഹന പ്രചാരണ പര്യടനം ഇന്നലെ രാവിലെ പള്ളിക്കൽ പഞ്ചായത്തിൽ നിന്ന് ആരംഭിച്ചു.വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി നാവയിക്കുളത്ത് സമാപിച്ചു. ഇന്ന് വർക്കല മുനിസിപ്പാലിറ്റിയിലായിരിക്കും പര്യടനം.

യു.ഡി.എഫ് സ്ഥാനാർത്ഥി ബി.ആർ.എം.ഷഫീറിന് ഉൗഷ്മലമായി സ്വീകരണമാണ് മണ്ഡലത്തിലെ പലഭാഗങ്ങളിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.ഷഫീറിന്റെ വാഹന പ്രചാരണ പര്യടനം ഇന്നലെ വൈകിട്ട് 3 മണിമുതൽ ഇലകമൺ പഞ്ചായത്തിൽ നിന്ന് ആരംഭിച്ചു. എസ്.ആർ ഡെന്റൽ കോളേജ്, ജെംനോ സ്കൂൾ,മുനിപുരം കോളനി,സെൻട്രൽ സ്കൂൾ,ശിവഗിരി സ്കൂൾ,സി.എച്ച്.എം.എം കോളേജ് തുടങ്ങി വിവിധ സ്ഥലങ്ങളിലായിരുന്നു.

എൻ.ഡി.എ സ്ഥാനാർത്ഥി അജി എസ്.ആർ.എമ്മിന്റെ പ്രചാരണം ഇന്നലെ വൈകിട്ട് 4 മണിക്ക് നാവായിക്കുളത്ത് നിന്ന് ആരംഭിച്ചു. കോട്ടൂർ കോണത്ത് സമാപിച്ചു. 23 ഇടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. ഇന്ന് രാവിലെ 9.30 മുതൽ വെട്ടൂർ പഞ്ചായത്തിൽ നിന്ന് പര്യടനം ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം വർക്കല മുനിസിപ്പാലിറ്റിയിൽ പര്യടനം നടത്തും.