
മഞ്ചേരി: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലേക്ക് അനധികൃത മദ്യമൊഴുകുന്നത് തടയാൻ എക്സൈസ് സംഘം പരിശോധനകൾ ശക്തമാക്കി. മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും ഇക്കഴിഞ്ഞ ദിവസം എടവണ്ണപ്പാറ മുടക്കുവഴി മലയിൽ നിന്നും 210 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. എക്സൈസ് ഇൻസ്പെക്ടർ എ.ആർ. നിഗീഷിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രിയാണ് മലയിൽ മിന്നൽ റെയ്ഡ് നടത്തിയത്. വാഷിന് പുറമെ നിരവധി വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്നും ലഭിച്ച വിവരങ്ങളിൽ നിന്നും പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ചതായി എക്സൈസ് അധികൃതർ പറഞ്ഞു.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു മാസമായി തുടരുന്ന സ്പെഷ്യൽ ഡ്രൈവിൽ മഞ്ചേരി എക്സൈസ് സർക്കിളിന് കീഴിലുള്ള മലപ്പുറം, മഞ്ചേരി റെയ്ഞ്ചുകളിലായി 370 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചിരുന്നു. എക്സൈസ് ഇൻസ്പെക്ടർമാരായ എ. ശ്രീധരൻ, ഇ. ജിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡുകൾ. ഒരു മാസത്തിനകം വിവിധ അബ്കാരി കേസുകളിലായി 19 പേർ അറസ്റ്റിലായി. മദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് പരാതികളോ വിവരങ്ങളോ നൽകുന്നതിന് പൊതുജനങ്ങൾക്കും സൗകര്യമൊരുക്കിയിട്ടുണ്ട്.