
തിരുവനന്തപുരം: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നത് സ്വന്തം ഐ ഫോൺ ആണെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
ഡോളർ കടത്ത് കേസിൽ പ്രതിയായ യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ യു.എ.ഇ കോൺസുലേറ്റിനു നൽകിയ ഐ ഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചു എന്നായിരുന്നു കസ്റ്റംസ് കണ്ടെത്തൽ. ഇത് തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം ആണോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിനോദിനി ഡി.ജി.പിക്ക് പരാതി നൽകി. അതിന്റെ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
വിനോദിനി കവടിയാറിലെ കടയിൽ നിന്നും സന്തോഷ് ഈപ്പൻ സ്റ്റാച്യുവിലെ കടയിൽ നിന്നുമാണ് ഫോൺ വാങ്ങിയത്. രണ്ട് കടകൾക്കും രണ്ടു ഫോണുകളും വിതരണം ചെയ്തത് സ്‌പെൻസർ ജംഗ്ഷനിലെ ഹോൾസെയിൽ കടയിൽ നിന്നാണ്.
സന്തോഷ് ഈപ്പൻ സ്റ്റാച്യുവിലെ കടയിൽ നിന്ന് ആറ് ഐ ഫോണുകൾ വാങ്ങി സ്വപ്‌നയ്‌ക്ക് നൽകി. പിന്നീട് ഇതിൽ ഒന്ന് മാറ്റി ഐ ഫോൺ 11 പ്രൊ മാക്സ് 256 ജി.ബി ഫോൺ വാങ്ങി. ഡിസംബർ രണ്ടിനാണ് ഇത് വാങ്ങിയത്. ഇതേദിവസം സ്പെൻസറിലെ ഹോൾസെയിൽ കടയിൽ നിന്ന് കവടിയാറിലെ ഒരു ഫോൺ കടക്കാരനും ഇതേ ഫോൺ വാങ്ങി. കവടിയാറിലെ കടയിൽ നിന്ന് വിനോദിനി ഈ ഫോൺ വാങ്ങുകയായിരുന്നു.
കേന്ദ്ര അന്വേഷണസംഘം ഫോണിന്റെ എെ.എം.ഇ.ഐ നമ്പർ സ്റ്റാച്യൂവിലെ കടക്കാരനോട് ആവശ്യപ്പെട്ടു. അയാൾ സ്പെൻസറിലെ കടയുടമയോട് വിവരങ്ങൾ തെരക്കി. സ്പെൻസറിലെ കടയുടമ അന്ന് വിറ്റ രണ്ട് ഫോണിന്റെയും വിവരങ്ങൾ സ്റ്റാച്യൂവിലെ കടക്കാരന് നൽകി. ഇവ അന്വേഷണസംഘത്തിന് നൽകിയതാവാം ആശയക്കുഴപ്പത്തിനും തെറ്റായ പ്രചാരണത്തിനും ഇടയാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
ചോദ്യം ചെയ്യലിന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നെങ്കിലും വിനോദിനി ഹാജരായിരുന്നില്ല. സന്തോഷ് ഈപ്പനെ തനിക്ക് അറിയില്ലെന്നും തനിക്ക് ആരും ഫോൺ നൽകിയിട്ടില്ലെന്നുമാണ് വിനോദിനി പറഞ്ഞിരുന്നത്. തുടർന്നാണ് അവർ പരാതി നൽകിയത്.