qq

തിരുവനന്തപുരം: കേരളത്തിൽ കോർപ്പറേറ്റ്വത്കരണം നടപ്പാക്കിക്കൊണ്ടിരിക്കുന്ന പിണറായി സർക്കാരിനെ ജനങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന് കോൺഗ്രസ് നേതാവും, മുൻകേന്ദ്ര മന്ത്രിയുമായ ജയറാം രമേശ് പറഞ്ഞു. നരേന്ദ്രമോദിയുടെ മാതൃക പിന്തുടർന്ന് കേരളത്തിൽ

മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം പോലും കോർപ്പറേ​റ്റുകൾക്ക് തീറെഴുതുകയാണ് 'മുണ്ടുടുത്ത മോദി'യെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മോദിയുടെയും പിണറായി വിജയന്റെയും ഭരണത്തിന്റെ ട്രാക്ക് റെക്കാഡ് പരിശോധിച്ചാൽ ഇരുവരും തമ്മിലുള്ള സാമ്യം വ്യക്തമാവും. ജനാധിപത്യത്തെ ചവിട്ടിമെതിച്ച്, ഏകാധിപത്യ രീതിയിലാണ് ഇരുവരും മുന്നോട്ടുപോകുന്നത്. ഇ.കെ .നായനാരും വി.എസ്. അച്യുതാനന്ദനും നേതൃത്വം കൊടുത്ത ഇടതുസർക്കാരുകളിൽ നിന്ന് വ്യത്യസ്തമാണ് പിണറായി സർക്കാർ. അഞ്ചു വർഷത്തിനുള്ളിൽ അത്രയേറെ ജനദ്രോഹവും അഴിമതിയുമാണുണ്ടായത്.ഏതൊക്കെ സർവേകൾ ഭരണത്തുടർച്ച പ്രവചിച്ചാലും കേരളത്തിൽ ഇടതു, വലതു മുന്നണികൾ മാറി മാറി ഭരിക്കുന്ന രീതി ഇക്കുറിയും തുടരും.വോട്ടെടുപ്പിൽ ജനങ്ങളുടെ തീരുമാനമാണ് പ്രധാനം.

തുടർച്ചയായി ബംഗാളും ത്രിപുരയും ഭരിച്ച ഇടതുപക്ഷം ഇപ്പോൾ എവിടെ നിൽക്കുന്നുവെന്ന് എല്ലാവർക്കും ബോദ്ധ്യമുണ്ട്. ദേശീയതലത്തിൽ ബി.ജെ.പിയെ എതിർക്കാൻ കഴിയുന്ന ഏക പാർട്ടി കോൺഗ്രസാണ്. കോൺഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും കൂടുതൽ ശക്തിപ്പെടേണ്ടതുണ്ട്.

2024ലെ ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ മോദിയെയും ബി.ജെ.പിയെയും താഴെയിറക്കാനുള്ള പോരാട്ടത്തിന്റെ തുടക്കമായി കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാറണം. ശ്രീനാരായണ ഗുരുവിന്റെ, അംബേദ്കറുടെ, സുഭാഷ് ചന്ദ്രബോസിന്റെ, ജവഹർലാൽ നെഹ്രുവിന്റെ ഇന്ത്യയെ തിരികെ ലഭിക്കാൻ നിരവധി വെല്ലുവിളികൾ നേരിടേണ്ടതുണ്ട്. അതിന് ദേശീയ തലത്തിൽ കോൺഗ്രസിനേ കഴിയൂ- ജയറാം രമേശ് പറഞ്ഞു.