
കെ. സുരേന്ദ്രന്റെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രന് സീറ്റ് നിഷേധിക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരന്ദ്രൻ. ശോഭാ സുരേന്ദ്രനുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്നും ഒരു ചാനലിന് നൽകിയ അഭിമുഖ്യത്തിൽ അദ്ദേഹം പറഞ്ഞു.
നിയമസഭയിലേക്ക് മത്സരിക്കുന്നില്ലെന്നും ലോക്‌സഭയിലേക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണെന്നുമാണ് ശോഭ ആദ്യം പറഞ്ഞത്. ശോഭ ഇവിടെ മത്സരിക്കണമെന്നായിരുന്നു തങ്ങളുടെ അഭിപ്രായം. ഇപ്പോൾ ജയിക്കാവുന്ന തരത്തിൽ കഴക്കൂട്ടം മണ്ഡലത്തിലെ മത്സരം മാറി. അവിടെ വി.മുരളീധരൻ മത്സരിക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചത്.
മാദ്ധ്യമങ്ങൾക്ക് പിണറായി ഭക്തി
ചെങ്ങന്നൂരിൽ അമിത് ഷായും മോദിയും പറഞ്ഞ സ്ഥാനാർത്ഥിയെ സുരേന്ദ്രൻ വെട്ടിയെന്നാണ് മാദ്ധ്യമങ്ങൾ പറഞ്ഞതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. പിന്നെ തിരിച്ചും പറഞ്ഞു. മാദ്ധ്യമങ്ങളെല്ലാം പിണറായി ഭക്തരാണ്. ഇടതുപക്ഷത്ത് എന്തെല്ലാം പ്രശ്നങ്ങളുണ്ട്. അതൊന്നും എവിടെയും ചർച്ചയാവില്ല.
ജോയ്സ് ജോർജ്ജിന് വീണ്ടും ഖേദം
രാഹുൽ ഗാന്ധിക്കെതിരെ അശ്ലീല പരാമർശം നടത്തി പൊല്ലാപ്പിലായ മുൻ എം.പി.ജോയ്സ് ജോർജ്ജ് ഇന്നലെ വീണ്ടും ഖേദം പ്രകടിപ്പിച്ചു. സോഷ്യൽ മീഡിയയിൽ തുടർച്ചയായി ആക്രമണം നേരിട്ടതോടെയാണ് ഖേദം പ്രകടിപ്പിച്ചും അതേസമയം രാഹുലിനെ വിമർശിച്ചും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിട്ടത്. 'അനുചിതമായ പരാമർശം എന്റെ ഭാഗത്തു നിന്നുണ്ടായി എന്നതിന്റെ പേരിൽ എന്റെ വൃദ്ധയായ മാതാവും ഭാര്യയും സഹോദരിമാരും സ്ത്രീകൾ അല്ലാതാവുന്നില്ല. സ്ത്രീകൾ എന്ന നിലയിൽ അവർക്ക് ലഭിക്കേണ്ട പരിരക്ഷയ്ക്ക് അർഹരല്ലാതാവുന്നില്ല' ഇങ്ങനെ പോകുന്നു കുറിപ്പ്. കോൺഗ്രസ് അനുകൂലികളും വിദ്യാർത്ഥിനികളുമടക്കം ജോയ്സ് ജോർജ്ജിനെ സോഷ്യൽ മീഡിയയിൽ ആക്രമിച്ചിരുന്നു.
പ്രിയങ്കയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി
കേരളത്തിലെ ഇടതു സർക്കാർ കോർപ്പറേറ്റുകൾക്ക് അനുകൂലമാണെന്ന പ്രിയങ്ക ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ആരോപണങ്ങൾ വഴി കോൺഗ്രസ് നേതാവ് സ്വന്തം വില ഇടിക്കുകയാണെന്ന് കണ്ണൂരിൽ മുഖ്യമന്ത്രി തിരിച്ചടിച്ചു. കേരളത്തിലെത്തുന്ന കോൺഗ്രസ് നേതാക്കൾ ബി.ജെ.പിക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ല. ആരുഭരിക്കുമ്പോഴാണ് കോർപ്പറേറ്റുകൾ തടിച്ചതെന്ന് എല്ലാവർക്കുമറിയാം. പൊതു മേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്‌ക്കാൻ തുടക്കമിട്ടത് കോൺഗ്രസാണെന്നും ആ നയങ്ങളാണ് ബി.ജെ.പി പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന് വോട്ടുകച്ചവടമെന്ന്
ബി.ജെ.പിയുമായി യു.ഡി.എഫ് വോട്ടുകച്ചവടം നടത്തുന്നതായി സി. പി. എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവനും ആരോപിച്ചു. 35 സീറ്റിൽ യു.ഡി.എഫ് വോട്ട് ബി.ജെ.പിക്കും ബാക്കി മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ട് യു.ഡി.എഫിനും കൊടുക്കും. 35 സീറ്റ് കിട്ടിയാൽ ഭരിക്കുമെന്ന് കെ.സുരേന്ദ്രൻ പറയുന്നതിന്റെ അടിസ്ഥാനം ഇതാണെന്നും കോടിയേരി പറഞ്ഞു.
ബി.ജെ.പിയുമായി വോട്ടുകച്ചവടം നടത്തിയാലും യു.ഡി.എഫിന് പിടിച്ചു നിൽക്കാനാവില്ലെന്നും സർക്കാരിനെതിരെ ബി.ജെ.പിയും യു.ഡി.എഫും കേന്ദ്ര ഏജൻസികളും കൈകോർക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു.