
ചങ്ങനാശേരി : സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച സംഭവത്തിൽ രണ്ട് പേരെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റു ചെയ്തു. പുലിക്കോട്ടുപടി പാറക്കുളം വീട്ടിൽ അലൻ റോയി (21), നാലുകോടി മമ്പള്ളിൽ ജസ്റ്റിൻ ബിജു (21) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ പ്രതികളായ രണ്ട് പേർ ഒളിവിലാണെന്ന് തൃക്കൊടിത്താനം സി.ഐ പറഞ്ഞു. രണ്ടാഴ്ച മുമ്പാമ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുമ്പോൾ തൃക്കൊടിത്താനം മുക്കാട്ടുപടിയിൽ വെച്ചാണ് പ്രതികൾ വീട്ടമ്മയുടെ മാലപൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടത്. പ്രതികൾക്കെതിരെ കോട്ടയം ഈസ്റ്റ്, പാമ്പാടി, തൃശൂർ, മണർകാട് സ്റ്റേഷനുകളിലായി നിരവധി കേസുകളുള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ ചൊവ്വാഴ്ച അമര ആശാരിമുക്കിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. ഇവർ വീട്ടമ്മയുടെ മാല പൊട്ടിക്കുന്ന സംഭവം സമീപത്തെ സ്ഥാപനത്തിലുള്ള സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. കാമറയും മൊബൈൽ ഫോണും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.