
തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തെ ഇളക്കിമറിച്ച് പ്രചാരണം നടത്തുന്ന ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കൊഴുപ്പ് കൂട്ടാൻ റോഡ് ഷോയുമായി പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.
കോന്നിയിൽ നിന്ന് ഇന്നലെ രാവിലെ ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്തെത്തി മാദ്ധ്യമ പ്രവർത്തകരെ കണ്ട ശേഷമാണ് സുരേന്ദ്രൻ റോഡ് ഷോയ്ക്കെത്തിയത്. ശബരിമലയിലെ സ്ത്രീ പ്രവേശനവും പൊലീസ് അതിക്രമവും എതിർ സ്ഥാനാർത്ഥിയായ കടകംപള്ളി സുരേന്ദ്രനെതിരെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കുകയാണ് ബി.ജെ.പി. ശബരിമലയുടെ പേരിൽ ദിവസങ്ങളോളം ജയിലിൽ കിടന്ന കെ.സുരേന്ദ്രൻ കൂടി എത്തിയതോടെ ,ബി.ജെ.പി പ്രവർത്തകർ ആവേശഭരിതരായി.
തുറന്ന വാഹനത്തിൽ സഞ്ചരിച്ച സുരേന്ദ്രനും ശോഭാ സുരേന്ദ്രനുമൊപ്പം നൂറുകണക്കിന് ബൈക്കുകളിലും വാഹനങ്ങളിലുമായി ബി.ജെ.പി പ്രവർത്തകരും പങ്കെടുത്തു.
കേന്ദ്രസഹമന്ത്രി വി.മുരളീധരൻ കഴിഞ്ഞ തവണ മത്സരിച്ച കഴക്കൂട്ടത്ത് അദ്ദേഹം മത്സരിക്കുന്നില്ലെങ്കിൽ സുരേന്ദ്രൻ സ്ഥാനാർത്ഥിയാവുമെന്ന വാർത്തകളുണ്ടായിരുന്നു. ബി.ജെ.പി പ്രസിദ്ധീകരിച്ച ആദ്യഘട്ട പട്ടികയിൽ കഴക്കൂട്ടം ഉണ്ടായിരുന്നില്ല. അനിശ്ചിതത്വത്തിനൊടുവിലാണ് ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയായത്. രാഷ്ട്രീയ എതിരാളികൾ ഇത് പ്രചാരണായുധമാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് അവസാന ലാപ്പിൽ കെ.സുരേന്ദ്രന്റെ വരവ് അണികൾക്ക് കൂടുതൽ ആവേശം പകർന്നത്.
പതിനൊന്നരയോടെ നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജ് പരിസരത്തു നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ശോഭാ സുരേന്ദ്രന്റെ വരവോടെ മണ്ഡലത്തിലെ എൻ.ഡി.എ ക്യാമ്പിൽ വലിയ ഉണർവുണ്ടായെന്നും കൂടുതൽ ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ശോഭാ സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കഴക്കൂട്ടത്തെ സ്ഥാനാർത്ഥി നിർണയത്തിലോ പ്രചാരണത്തിലോ ഒരു ആശയക്കുഴപ്പവും ഉണ്ടായിട്ടില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കെ.സുരേന്ദ്രന്റെ വരവ് ഗുണം ചെയ്യുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.