photo

നെടുമങ്ങാട്: സ്വീകരണത്തിന്റെ ഒടുവിലത്തെ ദിവസങ്ങളിൽ അണമുറിയാത്ത ആവേശവുമായി സ്ഥാനാർത്ഥികളും പ്രവർത്തകരും നേർക്കുനേർ പോരാട്ടത്തിൽ. നേരത്തെ സ്വീകരണം ഏറ്റുവാങ്ങിയ പഞ്ചായത്തുകളിൽ വിട്ടുപോയ സ്ഥലങ്ങൾ തെരഞ്ഞുപിടിച്ച് സ്ഥാനാർത്ഥിയുടെ സാന്നിദ്ധ്യത്തിലാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. എതിരാളികൾ ഒരേസ്ഥലത്ത് സ്വീകരണത്തിനും പ്രചാരണത്തിനും എത്തുന്നത് താഴേത്തട്ടിലെ പ്രവർത്തകരിൽ ആവേശത്തിന്റെ അലകടൽ തീർക്കുകയാണ്. ഉച്ചഭാഷിണികളുടെ ഇടമുറിയാത്ത പ്രവാഹവും ബൈക്ക് റാലികളും വീട്ടുമുറ്റങ്ങളിലെ കുടുംബയോഗങ്ങളുമായി നാടെങ്ങും തിരഞ്ഞെടുപ്പ് ഉത്സവത്തിന്റെ ആരവത്തിലാണ്. മിക്ക സ്ഥാനാർത്ഥികളുടെയും പര്യടനം നാളെയും മറ്റന്നാളുമായി സമാപിക്കും.നെടുമങ്ങാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.ആർ.അനിലും യു.ഡി.എഫ് സ്ഥാനാർത്ഥി പി.എസ്. പ്രശാന്തും പൂവത്തൂർ, വട്ടപ്പാറ മേഖലകളിലാണ് പര്യടനം നടത്തിയത്.രാവിലെ നെട്ടയിൽ നിന്ന് ആരംഭിച്ച ജി.ആർ. അനിലിന്റെ പര്യടനത്തെ മരച്ചീനിയും ചേനയും ചേമ്പും വാഴക്കുലകളും ചക്കയും കണിക്കൊന്നപ്പൂക്കളുമായാണ് പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ വരവേറ്റത്. തൊഴിലാളികളും സ്ത്രീകളും വിദ്യാർത്ഥികളും സ്വീകരണ കേന്ദ്രങ്ങളെ സജീവമാക്കി. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ. ആർ.ജയദേവൻ, കൺവീനർ പാട്ടത്തിൽ ഷെരീഫ്, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ചെറ്റച്ചൽ സഹദേവൻ, എസ്.എസ് ബിജു, പി.കെ. രാധാകൃഷ്ണപിള്ള, ലേഖ വിക്രമൻ, ബി.ബിജു, വട്ടപ്പാറ ജയകുമാർ, എസ്.എസ്. സുരേഷ് കുമാർ, വി.ബി. ജയകുമാർ, വൈശാഖ്, പി.കെ. സാം തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു. ഇന്ന്, നെടുമങ്ങാട്, പഴകുറ്റി, കരിപ്പൂര് മേഖലകളിലെ സ്വീകരണത്തോടെയാവും ജി.ആർ.അനിലിന്റെ സ്വീകരണങ്ങൾ സമാപിക്കുക.മന്നൂർക്കോണത്ത് നിന്ന് രാവിലെ 8ന് സമാപന പര്യടനം പുറപ്പെടും.പി.എസ്.പ്രശാന്ത് പൂവത്തൂർ കൊടൂരിൽ നിന്നാണ് പര്യടനം തുടങ്ങിയത്.മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.വട്ടപ്പാറ, കല്ലയം, കിഴക്കേ മുക്കോല, മുക്കോല, കൊട്ടൂർ എന്നിവിടങ്ങളിൽ വർണാഭമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. എൻ.ഡി.എ സ്ഥാനാർത്ഥി ജെ.ആർ പദ്മകുമാർ വട്ടപ്പാറ ചെന്തപ്പൂരിൽ പര്യടനത്തിന് തുടക്കം കുറിച്ചു.ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നൂറ് കണക്കിന് വാഹനങ്ങളും വാദ്യമേളങ്ങളും അകമ്പടിയായി. വിവിധ കേന്ദ്രങ്ങളിലെ സ്വീകരങ്ങൾ ഏറ്റുവാങ്ങി ഏണിക്കരയിൽ സമാപിച്ചു.കല്ലയം വിജയകുമാർ, മുല്ലശേരി ദേവകുമാർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാർ,സംസ്ഥാന സമിതി അംഗം നൂറനാട് ഷാജഹാൻ,സംസ്ഥാന കൗൺസിൽ അംഗം പൂവത്തൂർ ജയൻ,ജില്ലാ കമ്മിറ്റി അംഗം പോത്തൻകോട് ദിനേശ്,മണ്ഡലം ജനറൽ സെക്രട്ടറിമാരായ കോലിയക്കോട് മുരളീകൃഷ്ണൻ,നെടുമങ്ങാട് ഉദയൻ തുടങ്ങിയവർ അനുഗമിച്ചു.

ശബരി പൂവച്ചലിൽ,സ്റ്റീഫനും ശിവൻകുട്ടിയും കുറ്റിച്ചലിൽ

അരുവിക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്. ശബരിനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം പൂവച്ചൽ ജംഗ്‌ഷനിൽ രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ഉദ്‌ഘാടനം ചെയ്തു. നാവെട്ടിക്കോണം മുതൽ ആലമുക്ക് ജംഗ്‌ഷൻ വരെ റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തു.രാവിലെ അരുവിക്കര പഞ്ചായത്തിൽ നിന്നാണ് ശബരിനാഥന്റെ പര്യടനം ആരംഭിച്ചത്. പ്രധാന ജംഗ്‌ഷനുകളിൽ കാൽനടയായി വോട്ടഭ്യർത്ഥിച്ചാണ് ഓരോ സ്വീകരണ പോയിന്റും കടന്നുപോയത്.ആര്യനാട് ജംഗ്‌ഷനിലെ സ്വീകരണത്തിന് ശേഷം പൂവച്ചൽ പഞ്ചായത്തിൽ പര്യടനം അവസാനിപ്പിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.സ്റ്റീഫനും എൻ.ഡി.എ സ്ഥാനാർത്ഥി സി.ശിവൻകുട്ടിയും കുറ്റിച്ചൽ പഞ്ചായത്തിലായിരുന്നു പര്യടനം നടത്തിയത്. ജി.സ്റ്റീഫന്റെ പര്യടനം പേഴുംമൂട്ടിൽ സി.പി.എം വിതുര ഏരിയാ സെക്രട്ടറി അഡ്വ.എൻ.ഷൗക്കത്തലി ഉദ്‌ഘാടനം ചെയ്തു. ലക്ഷംവീട്, സി.എസ്.ഐ കോംബൗണ്ട്, തച്ചൻകോട്, ശംഭുതാങ്ങി, കാപ്പുകാട്, കോട്ടൂർ ലക്ഷംവീട്, സ്‌കൂൾനട, മൈലോട്ടുമൂഴി, വീരണകാവ്, പന്നിയോട് എന്നിവിടങ്ങളിൽ ആവേശകരമായ സ്വീകരണം ലഭിച്ചു. കല്ലാമത്തായിരുന്നു സമാപനം. സി.ശിവൻകുട്ടി തേമ്പാമൂട്ടിൽ നിന്ന് പര്യടനം തുടങ്ങി. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.ബി.ജെ.പി സംസ്ഥാന സമിതിയംഗം മലയിൻകീഴ് രാധാകൃഷ്ണൻ, നിയോജക മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ്, ജനറൽ സെക്രട്ടറിമാരായ ജ്യോതികുമാർ, പുതുക്കുളങ്ങര അനിൽ, പ്രീതാ ശ്രീകുമാർ തുടങ്ങിയവർ അനുഗമിച്ചു.രാത്രി കുറ്റിച്ചൽ ജംഗ്‌ഷനിൽ സമാപിച്ച പര്യടനം ഇന്ന് ആര്യനാട് ഇറവൂർ ജംഗ്‌ഷനിൽ പുനരാരംഭിച്ച് രാത്രി ടൗണിൽ സമാപിക്കും. ശിവൻകുട്ടിയുടെ സ്വീകരണ പര്യടനങ്ങൾ 2 ന് പൂവച്ചൽ പഞ്ചായത്തിൽ സമാപിക്കും.