ആറ്റിങ്ങൽ: കൊല്ലമ്പുഴ തിരുവാറാട്ടുകാവിലെ അരിയിട്ടുവാഴ്ച ചടങ്ങുകൾ തിരുവിതാംകൂർ രാജകുടുംബത്തിലെ രാജസ്ഥാനി മൂലം തിരുനാൾ രാമവർമ്മയുടെ നേതൃത്വത്തിൽ ഇന്നലെ ഭക്തിനിർഭരമായി നടന്നു. ജനുവരി 22ന് നടക്കേണ്ട ചടങ്ങ് കൊവിഡ് നിയന്ത്രണങ്ങൾ കാരണമാണ് മാറ്റിവച്ചത്. രാജകുടുംബത്തിന്റെ പരദേവതാ സ്ഥാനമായ തിരുവാറാട്ടുകാവിൽ ഇന്നലെ വൈകിട്ടോടെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ അകമ്പടിയോടെ രാജകുടുംബാംഗങ്ങൾ ക്ഷേത്രം വലംവച്ച ശേഷം അമ്പലക്കെട്ടിലേക്ക് പ്രവേശിച്ചു. ശ്രീഭൂതബലി കഴിഞ്ഞ് ദേവിയുടെ വാൾ ക്ഷേത്രത്തിനകത്ത് വരച്ച കളത്തിലേക്ക് എഴുന്നള്ളിച്ചതോടെ ചടങ്ങുകൾ ആരംഭിച്ചു. സ്വർണംകെട്ടിയ ശംഖിൽ നിറച്ച പുത്തരി ക്ഷേത്ര ശാന്തി രാജകുടുംബാംഗത്തിന് കൈമാറി. അദ്ദേഹം അത് കളത്തിൽ പൂജിച്ച് പൂജാരിക്ക് നൽകി ദേവിക്ക് അഭിഷേകം നടത്തി. അഭിഷേകം ചെയ്യുന്ന പുത്തരി നുറുങ്ങുമെന്നും അത് രാജ്യത്തിന് അഭിവൃദ്ധി നൽകുമെന്നുമാണ് സങ്കല്പം.
കളമെഴുത്തും പാട്ടും നടത്തി പരിശുദ്ധമാക്കിയ പുരയിൽ ദേവീ പീഠത്തിൽ തണ്ടുല പൂജ നടത്തി. രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവതി ഭായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി, പൂരുരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ്മ, ഗിരിജവർമ്മ, ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, കമ്മിഷണർ ബി.എസ്. തിരുമേനി, ഡെപ്യൂട്ടി കമ്മിഷണർ മധുസൂദനൻ നായർ, അസിസ്റ്റന്റ് കമ്മീഷണർ ശശികല എന്നിവർ പങ്കെടുത്തു.