
ആര്യനാട്: വെള്ളനാട് കുളക്കോട് വച്ച് പുലർച്ചെ നടക്കാനിറങ്ങിയ സ്ത്രീയെ കാറിലെത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ കവർന്ന കേസിലെ ഒരു പ്രതി കൂടി അറസ്റ്റിൽ. ബാലരാമപുരം വെങ്ങാനൂർ കട്ടച്ചാൽ കുഴിഞ്ഞാറ്റിത്തല കോളനിയിൽ വിപിനാണ് (21) പിടിയിലായത്. മോഷ്ടിച്ച ബൈക്കുമായി ബാലരാമപുരത്തുവച്ചാണ് ഇയാളെ പിടികൂടിയത്. നെയ്യാർ ഡാം സ്റ്റേഷൻ പരിധിയിൽ ടെക്സ്റ്റൈൽസ് കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ വസ്ത്രങ്ങൾ മോഷ്ടിച്ച കേസ്, കാറുകളും ബൈക്കുകൾ മോഷണം നടത്തിയ കേസ്, മറ്റ് സ്റ്റേഷനുകളിൽ കഞ്ചാവ് വില്പന, മോഷണം എന്നിവയിലും ഇയാൾ പ്രതിയാണ്.
സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചും പ്രതികൾ ഉപയോഗിച്ച ഫോണുകൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്. കാട്ടാക്കട ഡിവൈ.എസ്.പി ഷാജി, ബാലരാമപുരം എസ്.എച്ച്.ഒ മനോജ് കുമാർ, ആര്യനാട് എസ്.എച്ച്.ഒ മഹേഷ് കുമാർ, എസ്.ഐ രമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.