emcc

ധാരണാപത്രങ്ങൾ റദ്ദാക്കിയെന്ന് സർക്കാർ

നടപടികൾ പൂർത്തിയായില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയായ ഇ.എം.സി.സി.യുമായി വിവിധ സർക്കാർ വകുപ്പുകളുണ്ടാക്കിയ ധാരണാപത്രങ്ങൾ റദ്ദാക്കിയതായി വ്യവസായവകുപ്പ്. എന്നാൽ, ഇതുസംബന്ധിച്ച ഉത്തരവ് ഇനിയും പുറത്തിറങ്ങിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും.

ധാരണാപത്രങ്ങൾ റദ്ദാക്കാൻ തീരുമാനിച്ചെങ്കിലും ഉത്തരവ് പുറത്തിറക്കാത്തതിന് പിന്നിൽ, ജനരോഷം തണുക്കുമ്പോൾ വീണ്ടും പദ്ധതി ആരംഭിക്കാനുള്ള രഹസ്യ താത്പര്യമാണെന്ന് ചെന്നിത്തല ആക്ഷേപമുന്നയിച്ച സാഹചര്യത്തിലാണ് സർക്കാർ പുതിയ വിശദീകരണവുമായി ഇന്നലെ രംഗത്തെത്തിയത്.
2020 ജനുവരിയിൽ നടന്ന അസെൻഡ് നിക്ഷേപ സംഗമത്തിന്റെ ഭാഗമായി ഇ.എം.സി.സി ഇന്റർനാഷണലുമായി കെ.എസ്.ഐ.ഡി.സിയുണ്ടാക്കിയ ധാരണാപത്രം ഫെബ്രുവരി 26 ന് തന്നെ റദ്ദാക്കിയതായാണ് വ്യവസായ വകുപ്പിന്റെ അറിയിപ്പ്. ഇ.എം.സി.സിക്ക് ആവശ്യമായ സാമ്പത്തിക ഭദ്രതയും വിശ്വാസ്യതയുമില്ലെന്നും, കമ്പനിയുടെ നിർദ്ദേശങ്ങൾ സർക്കാർ നയങ്ങൾക്ക് വിരുദ്ധമാണെന്നും കണ്ടെത്തിയതിനെ തുടർന്നാണിത്.ആലപ്പുഴ പള്ളിപ്പുറം മെഗാ ഫുഡ്പാർക്കിൽ കമ്പനിക്ക് ഭക്ഷ്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ ഭൂമി അനുവദിച്ചുള്ള ലെറ്റർ പിൻവലിച്ചു. കെ.എസ്.ഐ.ഡി.സിയുമായുള്ള ധാരണാപത്രവും, കപ്പലുകളുണ്ടാക്കാൻ നാവിഗേഷൻ കോർപറേഷനുമായുണ്ടാക്കിയ ധാരണാപത്രവും റദ്ദാക്കി. ഇതോടൊപ്പം കപ്പലുണ്ടാക്കാൻ കെ.എൻ.ഐ.സി, ഇ.എം.സി.സിയുമായുണ്ടാക്കിയ ധാരണാപത്രം റദ്ദാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിന്റെയും സർക്കാർ നിർദ്ദേശപ്രകാരം ഇ.എം.സി.സിയുമായി വ്യവസായ സഹകരണത്തിനുള്ള ധാരണാപത്രവും പള്ളിപ്പുറത്ത് ഫുഡ് പ്രോസസിംഗ് യൂണിറ്റുണ്ടാക്കാൻ സ്ഥലം അലോട്ട് ചെയ്തുള്ള കത്തും റദ്ദാക്കിയതായും വാർത്താക്കുറിപ്പിൽ പറഞ്ഞു. കെ.എസ്.ഐ.ഡി.സി. സർക്കാരിനയച്ച നോട്ടും പ്രസിദ്ധപ്പെടുത്തി.

എന്നാൽ, കരാർ റദ്ദ് ചെയ്തെന്ന സർക്കാർ വാദം തട്ടിപ്പാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കപ്പലുണ്ടാക്കാൻ ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായുണ്ടാക്കിയ ധാരണ റദ്ദാക്കിയത് സർക്കാർ ഉത്തരവിലൂടെയാണ്. കെ.എസ്.ഐ.ഡി.സിയുമായുണ്ടാക്കിയ ധാരണയും ഭൂമി അനുവദിച്ചതും റദ്ദാക്കി സർക്കാർ ഉത്തരവിറക്കിയില്ല. പകരം കെ.എസ്.ഐ.ഡി.സി സർക്കാരിന് നോട്ട് നൽകുക മാത്രമാണുണ്ടായത്. ഇത് ദുരൂഹമാണെന്നും ചെന്നിത്തല പറഞ്ഞു.