
തോട്ടം മേഖലയായ പൊൻമുടിയിലും മടത്തറയിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങി വാമനപുരം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡി.കെ. മുരളിയുടെ പര്യടനം നാളെ സമാപിക്കും. ഇന്നലെ പുല്ലമ്പാറ, പനവൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി.കാർഷിക വിളകളും പുഷ്പഹാരങ്ങളും നൽകിയാണ് മിക്ക കേന്ദ്രങ്ങളിലും ഡി.കെയെ പ്രവർത്തകർ വരവേറ്റത്. രാവിലെ കല്ലിയോട് ജംഗ്‌ഷനിൽ സി.പി.എം നെടുമങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ. ആർ. ജയദേവൻ ഉദ്‌ഘാടനം ചെയ്തു. പുല്ലമ്പാറയിലെ സപ്തപുരത്ത് നിന്നാരംഭിച്ച പര്യടനം രാത്രി ചെമ്മാൻകുന്നിൽ സമാപിച്ചു. ഇന്ന്, വിവിധ കേന്ദ്രങ്ങളിൽ ഡി.കെയുടെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.എ. ബേബി പ്രസംഗിക്കും. രാവിലെ 8ന് ആനാട് മുള്ളുവേങ്ങാമൂട് ജംഗ്‌ഷനിൽ നിന്ന് പര്യടനം ആരംഭിക്കും. നാഗച്ചേരി കല്ലടക്കുന്നിലാണ് ഉച്ചവിശ്രമം. രാത്രി 8ന് മൂഴിയിൽ സമാപിക്കും. യു.ഡി.എഫ് സ്ഥാനാർത്ഥി ആനാട് ജയൻ ഇന്നലെ മുഴുവൻ സമയവും പുല്ലമ്പാറ പഞ്ചായത്തിലായിരുന്നു. രാവിലെ തുമ്പറ ജംഗ്‌ഷനിൽ ആരംഭിച്ച പര്യടനം പാലാംകോണം, വട്ടയം കോളനി, വെള്ളുമണ്ണടി, പേരുമല, തേമ്പാമൂട്, മണ്ണയം, മരുതുമൂട്, മുക്കുടിൽ, ചുള്ളാളം, ശാന്തിനഗർ, നെടുംകൈത തുടങ്ങി അമ്പതോളം കേന്ദ്രങ്ങൾ പിന്നിട്ട് രാത്രി എട്ടോടെ ചെല്ലഞ്ചിയിൽ സമാപിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങിയ ജനാവലി സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിയെ കാത്ത് നിന്നു. ഇലക്‌ഷൻ കമ്മിറ്റി ഭാരവാഹികളായ ഇ.എ. അസീസ്, എം. അനിൽ, കെ. രമേശൻ നായർ, എം. ആഷിക് തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് നന്ദിയോട് ജംഗ്‌ഷനിൽ ആരംഭിച്ച് വലിയതാന്നിമൂട്ടിൽ ഉച്ചവിശ്രമം. ഏത്രി 8 ന് പാലോട് ആശുപത്രി ജംഗ്‌ഷനിൽ സമാപനം.
*കുടുംബയോഗങ്ങളിൽ ശ്രദ്ധയൂന്നി തഴവ സഹദേവൻ
എൻ.ഡി.എ സ്ഥാനാർത്ഥി തഴവ സഹദേവൻ കുടുംബ യോഗങ്ങളുടെ തിരക്കിലായിരുന്നു. വാമനപുരം, കല്ലിയോട് യോഗങ്ങളിൽ വിവിധ സമുദായ സംഘടനാപ്രതിനിധികൾ ഉൾപ്പടെയുള്ളവരുടെ കുടുംബയോഗമാണ് നടന്നത്. ഇന്നും കുടുംബയോഗങ്ങൾ തുടരും.