
പാറശാല: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ ബസിൽ കടത്തിക്കൊണ്ടുവന്ന 22.90 ലക്ഷം രൂപ അമരവിള ചെക്പോസ്റ്റിലെ എക്സൈസ് അധികൃതർ പിടിച്ചെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന വാഹന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശി അന്ന ദാമോദറിന്റെ ബാഗിൽ നിന്നാണ് നോട്ടുകൾ കണ്ടെത്തിയത്. പണം എക്സൈസ് ഇൻകം ടാക്‌സ് അധികൃതർക്ക് കൈമാറി. അമരവിള എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സ്വരൂപിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പോൾസൺ, അസി. ഗ്രേഡ് എക്‌സൈസ് ഇൻസ്‌പെക്ടർ വിജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, ഷിൻറോ എബ്രഹാം, അഭിലാഷ് എന്നിവർ പങ്കെടുത്തു.