
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ബി.ജെ.പി പ്രതീക്ഷയർപ്പിച്ചിരിക്കുന്ന നഗരപരിധിയിലെ നാല് മണ്ഡലങ്ങളിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പര്യടനവും റോഡ്ഷോയും നടത്തി. രാവിലെ പേരൂർക്കടയിൽ വട്ടിയൂർക്കാവ് മണ്ഡലം സ്ഥാനാർത്ഥി വി.വി. രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക അദ്ദേഹം പ്രകാശനം ചെയ്‌തു. തുടർന്ന് കഴക്കൂട്ടം മണ്ഡലത്തിലെ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രനോടൊപ്പം നാലാഞ്ചിറയിൽ നിന്ന് മണ്ണന്തല വരെ തുറന്ന വാഹനത്തിൽ റോഡ്ഷോ നടത്തി. നേമം മണ്ഡലത്തിലെ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനോടൊപ്പം പാച്ചല്ലൂരിൽ നിന്ന് കമലേശ്വരം വരെയും റോഡ് ഷോയിൽ പങ്കെടുത്തു. ബൈക്കുകളിലും മറ്ര് വാഹനങ്ങളിലുമായി നൂറുകണക്കിന് പേർ യാത്രയിൽ ആവേശമായി കൂടെയുണ്ടായിരുന്നു. തുടർന്ന് തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കൂടെ മുട്ടത്തറ കല്ലുംമൂട്ടിൽ നിന്ന് തുടങ്ങിയ റോഡ് ഷോയിലും കെ. സുരേന്ദ്രൻ പങ്കെടുത്തു. പാച്ചല്ലൂരിൽ നേമം മണ്ഡലം സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയും സുരേന്ദ്രൻ പ്രകാശനം ചെയ്‌തു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, വൈസ് പ്രസിഡന്റ് ശിവശങ്കരൻ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.