ramesh-chennithala

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ടെത്തിയ വ്യാജ - ഇരട്ടവോട്ടുള്ളവരുടെ പട്ടിക http://www.operationtwins.com എന്ന വെബ്സൈറ്റിൽ ഇന്നലെ രാത്രി ഒമ്പതിന് പ്രസിദ്ധീകരിച്ചു. ഇരട്ടവോട്ട് വിവാദത്തിൽ ഹൈക്കോടതി കർശന നിലപാടെടുത്തെങ്കിലും വോട്ടർപട്ടികയിൽ 38,000 ഇരട്ടവോട്ടുകളേയുള്ളൂവെന്ന ഇലക്ഷൻ കമ്മിഷന്റെ ഒൗദ്യോഗിക നിലപാട് ശരിയല്ലെന്ന് ചെന്നിത്തല അറിയിച്ചു. മാസങ്ങൾ നീണ്ട അദ്ധ്വാനത്തിലൂടെയാണ് രണ്ടരക്കോടി വോട്ടർമാരുടെ പട്ടികയിൽ നിന്ന് 4.34ലക്ഷം വ്യാജന്മാരെ കണ്ടെത്തിയത്. പ്രാഥമിക റിപ്പോർട്ടുകളനുസരിച്ച് പ്രതിപക്ഷ നേതാവിന്റെ പരാതി പകുതിയിലേറെ ശരിയാണെന്ന് സമ്മതിച്ച മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പക്ഷേ ഹൈക്കോടതിയിൽ കേസ് വന്നപ്പോൾ ഇരട്ടവോട്ട് 38,000 മാത്രമേയുള്ളൂവെന്ന് നിലപാടെടുത്തു.

പരാതി ശരിയാണോയെന്ന് പരിശോധിക്കാതെ ബി.എൽ.ഒമാരുടെ റിപ്പോർട്ടിനെ ഉദ്ധരിച്ച് ഇലക്ഷൻ കമ്മിഷൻ പ്രസ്‌താവന നടത്തിയെന്നാണ് പ്രതിപക്ഷ നേതാവിന്റെ പരാതി. കോടതി നിർദ്ദേശിച്ചതനുസരിച്ച് ഒന്നിലേറെ വോട്ടുള്ളവർക്ക് ഒരുവോട്ട് മാത്രമേ വിനിയോഗിക്കാൻ അനുവദിക്കാവൂ എന്ന നിർദ്ദേശം പാലിക്കപ്പെടാൻ വ്യാജവോട്ടർമാരുടെയും ഇരട്ടവോട്ടർമാരുടെയും പട്ടിക എല്ലാ പാർട്ടിക്കാരുടെയും പൊതുജനങ്ങളുടെയും അറിവിനായാണ് ഒാൺലൈനായി പ്രസിദ്ധീകരിക്കുന്നത്. ഒൗദ്യോഗിക സ്വഭാവമില്ലെങ്കിലും പട്ടികയിലെ വസ്തുതകളുപയോഗിച്ച് വ്യാജവോട്ട് കണ്ടെത്തി തടയാൻ പോളിംഗ് ഏജന്റുമാർക്ക് കഴിയും.

വ്യാജവോട്ടർമാരിൽ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്ന കോടതിയുടെ നിർദ്ദേശം എങ്ങനെ പ്രായോഗികമാകുമെന്ന് അറിയില്ല. കള്ളവോട്ട് ചെയ്യാൻ പോകുന്നവർ സത്യവാങ്മൂലം നൽകുമോ. ഒരാളുടെ പേരിൽ എട്ടും പത്തും വ്യാജവോട്ടർമാരെ ചേർത്തിരിക്കുകയാണ്. അത് വോട്ടർ അറിയണമെന്നില്ല. അപ്പോൾ അവർ എങ്ങനെ സത്യവാങ്മൂലം നൽകുമെന്നും ചെന്നിത്തല ചോദിച്ചു.

കള്ളവോട്ടർമാ‌ർ 4.36ലക്ഷം; ചെന്നിത്തലയുടെ 'ഓപ്പറേഷൻ ട്വിൻസ്' വൈറൽ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒാപ്പറേഷൻ ട്വിൻസ് വെബ്സൈറ്റ് ലക്ഷക്കണക്കിന് വ്യാജ വോട്ടർമാരുടെ വിശദമായ ലിസ്റ്റുമായി വൈറലായി. ഇന്നലെ രാത്രി പൊതുജനങ്ങൾക്കായി തുറന്ന സൈറ്റിൽ നോക്കിയാൽ മതി,​ വോട്ടർ പട്ടികയിലെ വ്യാജന്മാരെ എല്ലാ തെളിവുകളോടെയും കാണാം. മൂന്ന് തരത്തിലുള്ള വ്യാജന്മാരെയാണ് തരംതിരിച്ച് വെബ്സൈറ്റിൽ നിരത്തിയിരിക്കുന്നത്. ഒരേ ഫോട്ടോ ഉപയോഗിച്ച് വ്യത്യസ്ത പേരുകളിൽ വോട്ടർ പട്ടികയിലുള്ളവർ, ഒരേ വോട്ടർ രണ്ട് മണ്ഡലങ്ങളിലുള്ളവർ, ഒരേ മണ്ഡലത്തിൽ വ്യത്യസ്ത ബൂത്തുകളിലുള്ളവർ എന്നിങ്ങിനെ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ ഇൗ ലിസ്റ്റ് കാണാം. ഉദാഹരണത്തിന് തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ 7600 പേരാണ് ഒരേ ഫോട്ടോ ഉപയോഗിച്ച് വ്യത്യസ്ത പേരുകളിൽ വോട്ടർ പട്ടികയിലുള്ളത്. 979 പേർ രണ്ട് മണ്ഡലങ്ങളിലുള്ളവരാണ്. ഒരേ മണ്ഡലത്തിൽ വ്യത്യസ്ത ബൂത്തുകളിൽ പേരും വോട്ടും ഉള്ളവരുടെ എണ്ണം 4871.ഇങ്ങനെ തിരുവനന്തപുരത്ത് മാത്രം 13,450 വ്യാജ വോട്ടർമാരുണ്ട്. ഇത്തരത്തിൽ 140 മണ്ഡലങ്ങളിലായി 4.36ലക്ഷം കള്ളവോട്ടർമാരുടെ പട്ടികയാണ് വെബ്സൈറ്റിലുള്ളത്.