തിരുവനന്തപുരം: ശമ്പള ബിൽ അയച്ച സർക്കാർ ജീവനക്കാരുടെ അക്കൗണ്ടിൽ ഒന്നാം തീയതിയായ ഇന്നു തന്നെ ശമ്പളം എത്തും. ഇന്നലെ രാവിലെ എട്ട് മണിവരെ ഇ-സബ്മിറ്ര് ചെയ്ത ശേഷം ഹാർഡ് കോപ്പി ട്രഷറികളിലെത്തിച്ച എല്ലാ ബില്ലുകളും ഇന്നലെ രാത്രിയോടെ പാസ്സാക്കിയതായി ട്രഷറി അധികൃതർ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾ, കരാറുകാരുടെ ബില്ലുകൾ, ശമ്പള ബില്ലുകൾ തുടങ്ങി എല്ലാ ബില്ലുകളും ഇതിൽപെടും. സാമ്പത്തിക വർഷത്തെ അവസാന ദിനമായ ഇന്നലെ എല്ലാ ട്രഷറികളും അർദ്ധരാത്രി വരെ പ്രവർത്തിച്ചു. ഇന്ന് കണക്കെടുപ്പായതിനാൽ ട്രഷറികൾ പ്രവർത്തിക്കുമെങ്കിലും ഇടപാടുകൾ നടക്കില്ല. എന്നാൽ 2,3,4 തീയതികളിൽ എല്ലാ ട്രഷറികളും പ്രവർത്തിക്കും. പെൻഷൻ വാങ്ങാൻ യാതൊരു തടസ്സവുമുണ്ടാവില്ല.